KeralaNews

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ശാഖാ വിലക്ക് കര്‍ശനമായി നടപ്പിലാക്കണം’; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്ര പരിസരത്തെ ആര്‍എസ്എസ് ശാഖാ പരിശീലനത്തിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം ശക്തമായി നടപ്പിലാക്കണമെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് സംഘടനയുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നതും ആയോധന പരിശീലന മുറകള്‍ ഉള്‍പ്പെടെ മാസ്സ്ഡ്രില്‍ നടത്തുന്നതിനും വിലക്കേര്‍പ്പെടുത്തിയിരുന്നു.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ ഡെപ്യൂട്ടി ദേവസ്വം കമ്മീഷണര്‍മാര്‍, അസിസ്റ്റന്റ് ദേവസ്വം കമ്മീഷണര്‍മാര്‍, അഡ്മിനിസ്‌ടേറ്റീവ് ഓഫീസര്‍മാര്‍, സബ്ഗ്രൂപ്പ് ഓഫീസര്‍മാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ബോര്‍ഡിന്റെ അനുമതിയില്ലാതെ അനധികൃതമായി ക്ഷേത്ര വസ്തുവില്‍ കയറി ആര്‍എസ്എസും തീവ്രാശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ ഉള്‍പ്പെടെ എല്ലാ കൂട്ടായ്മകളും പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നോട്ടീസ് നല്‍കുന്നതടക്കം നിയമനടപടികള്‍ സ്വീകരിക്കുകയും വിവരം ദേവസ്വം ബോര്‍ഡിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ആവശ്യമെങ്കില്‍ പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റേയും സേവനം ആവശ്യപ്പെടുമെന്നും സര്‍ക്കുലറിലൂടെ അറിയിച്ചു.

ക്ഷേത്രകാര്യങ്ങളുമായി ബന്ധമില്ലാതെ ചിലരുടെ ചിത്രങ്ങള്‍, ഫ്‌ളക്‌സുകള്‍, കൊടി തോരണങ്ങള്‍, രാഷ്ട്രീയ സാമുദായിക സംഘടനകളുമായി ബന്ധപ്പെട്ട് ചിഹ്നങ്ങള്‍ എന്നിവ എന്നിവ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അടിയന്തിരമായി നീക്കണം. ആര്‍എസ്എസിന്റേയും തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘടനയുടെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നതോ ആയോധന പരിശീലന മുറകള്‍ ഉള്‍പ്പെടെ മാസ്സ്ഡ്രില്‍ നടത്തുകയോ ചെയ്യുന്നുണ്ടോയെന്ന പരിശോധനയുടെ ഭാഗമായി രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ മിന്നല്‍ പരിശോധന നടത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

ക്ഷേത്ര ഉപദേശകസമിതികളെ കൂടാതെ യാതൊരു സമിതികളും ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്നത് അനുവദിക്കില്ല. ക്ഷേത്രോത്സവങ്ങള്‍, ചടങ്ങുകള്‍ എന്നിവയുടെ നോട്ടീസ്, ലഘുലേഖ എന്നിവയില്‍ വ്യക്തികളുടെ ചിത്രങ്ങളോ ചിഹ്നങ്ങളോ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണ്.

ദേവസ്വങ്ങളിലെ അംഗീകൃത ഉപദേശകസമിതിയിലെ അംഗങ്ങള്‍ അടക്കമുള്ളവര്‍ ദേവസ്വം ബോര്‍ഡിന് എതിരായി ക്ഷേത്രത്തിനകത്തോ ക്ഷേത്ര വസ്തുവിലോ മൈക്ക് സ്ഥാപിച്ച് ‘നാമജപഘോഷം’ എന്ന പേരില്‍ പ്രതിഷേധ യോഗം ചേരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ ക്ഷേത്രത്തിന്റെ സമാധാന അന്തരീക്ഷത്തിന് വിരുദ്ധമാണെന്ന് ദേവസ്വം ബോര്‍ഡ് കാണുന്നു.

ഇത്തരത്തില്‍ ‘നാമജപഘോഷം’ എന്ന പേരിലോ മറ്റേതെങ്കിലും പേരിലോ പ്രതിഷേധ യോഗങ്ങള്‍ ക്ഷേത്ര വസ്തുക്കളില്‍ ചേരുന്നത് നിരോധിക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്ന പക്ഷം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു. ചിറയിൻകീഴ് ശാർക്കര ദേവീ ക്ഷേത്രത്തിലെ ആർഎസ്എസ് ശാഖാ പരീശീലനവുമായി ബന്ധപ്പെട്ട കോടതിവിധിയുടെ ചുവടുപിടിച്ചാണ് തിരുവിതാംകൂർ ദേവസ്വം പുതിയ സർക്കുലർ പുറത്തിറക്കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker