ഹൈദരാബാദ്:ഭാഷാഭേദമന്യെ തെലുങ്ക് സിനിമയിലേക്ക് ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രമായിരുന്നു എസ് എസ് രാജമൌലിയുടെ ബാഹുബലി ഫ്രാഞ്ചൈസി. ഇന്ത്യന്‍ പ്രേക്ഷകരെ സംബന്ധിച്ച് അവരില്‍ ഭൂരിഭാഗവും രാജമൌലിയുടെ ബെസ്റ്റ് ആയി കരുതുന്നതും ബാഹുബലി ആയിരിക്കും.
എന്നാല്‍ രൌജമൌലി എന്ന സംവിധായകന് ലോകമെമ്പാടും സിനിമാപ്രേമികള്‍ക്കിടയില്‍ സ്വീകാര്യത നേടിക്കൊടുത്തിരിക്കുകയാണ് അദ്ദേഹത്തിന്‍റെ പുതിയ ചിത്രം ആര്‍ആര്‍ആര്‍. ബോക്സ് ഓഫീസില്‍ 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒടിടി റിലീസ് ആയി നെറ്റ്ഫ്ലിക്സിലൂടെ എത്തിയതോടെയാണ് ആഗോള പ്രേക്ഷകരിലേക്ക് ചിത്രം കടന്നുചെന്നത്. നെറ്റ്ഫ്ലിക്സില്‍ എത്തിയതു മുതല്‍ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഉള്ള ചിത്രം ഇപ്പോഴിതാ ഒരു റെക്കോര്‍ഡ് കൂടി ഇട്ടിരിക്കുകയാണ്.
മെയ് 20 ന് നെറ്റ്ഫ്ലിക്സില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം തുടര്‍ച്ചയായ 14-ാം വാരവും പ്ലാറ്റ്‍ഫോമിന്‍റെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുകയാണ്. ഇംഗ്ലീഷ്, ഇംഗ്ലീഷ് ഇതര വിഭാഗങ്ങളില്‍ ആദ്യമായാണ് ഒരു ചിത്രം ഈ ഇത്രയും കാലം നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ട്രെന്‍ഡിംഗ് ലിസ്റ്റില്‍ തുടരുന്നത്.
ബാഹുബലി 2നു ശേഷം എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ വന്‍ പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമാണിത്. രാം ചരണും ജൂനിയര്‍ എന്‍ടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, അലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡിവിവി എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ഡി വി വി ദാനയ്യയാണ് നിര്‍മ്മാണം.
Delighted to say that, in English & Non-English categories, #RRRMovie is the ONLY FILM to trend GLOBALLY on @NETFLIX for 14 consecutive weeks. 🔥🌊 pic.twitter.com/aFjdhlDgoT
— RRR Movie (@RRRMovie) August 24, 2022
നെറ്റ്ഫ്ലിക്സ് റിലീസിനു ശേഷം വിദേശ രാജ്യങ്ങളില്‍, വിശേഷിച്ചും ഹോളിവുഡ് സാങ്കേതിക പ്രവര്‍ത്തകരുടെ ഇടയില്‍ നിന്നും ചിത്രത്തിന് വലിയ രീതിയിലുള്ള പ്രശംസ ലഭിച്ചിരുന്നു. മിക്കവരും ചിത്രത്തോടുള്ള തങ്ങളുടെ പ്രിയം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ആര്‍ആര്‍ആറിന് നാല് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്നെങ്കിലും താന്‍ ഇഷ്ടപ്പെടുമായിരുന്നെന്നാണ് നടനും നിര്‍മ്മാതാവും രചയിതാവുമായ ക്രിസ്റ്റഫര്‍ മില്ലര്‍ ട്വീറ്റ് ചെയ്‍തത്. ഹോളിവുഡ് ചിത്രം എവരിതിംഗ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സുമായി താരതമ്യം ചെയ്‍തുകൊണ്ടാണ് മാര്‍വെലിന്‍റെയും ഡിസിയുടെയും ഇല്യുസ്ട്രേറ്ററായ ആലിസ് എക്സ് സാംഗിന്‍റെ ട്വീറ്റ്.