33.4 C
Kottayam
Sunday, May 5, 2024

‘റൊണാള്‍ഡോ ഇനി തുടരേണ്ടതില്ല’; കടുത്ത തീരുമാനവുമായി യുണൈറ്റഡ് പരിശീലകന്‍

Must read

മാഞ്ചസ്റ്റര്‍:സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ കടുത്ത തീരുമാനവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് എറിക് ടെന്‍ഹാഗ്. ക്ലബ് മാനേജ്‌മെന്റിനെതിരെയും പരിശീലകര്‍ക്കെതിരെയും വിമര്‍ശനം ഉയര്‍ത്തിയ താരം ഇനി യുണൈറ്റഡില്‍ തുടരേണ്ടതില്ലെന്നാണ് ടെന്‍ ഹാഗിന്റെ തീരുമാനം.

ലോകകപ്പ് കഴിഞ്ഞ് ക്ലബ് സീസണ്‍ പുനരാരംഭിക്കുമ്പോള്‍ സൂപ്പര്‍ താരം തന്റെ ടീമില്‍ ആവശ്യമില്ലെന്ന നിലപാടിലാണ് പരിശീലകന്‍. ടെന്‍ ഹാഗ് ഇക്കാര്യം യുണൈറ്റഡ് ഉടമകളായ ഗ്ലേസര്‍ കുടുംബത്തെ അറിയിച്ചതായി ഇഎസ്പിഎന്‍, സ്‌പോര്‍ട് ബൈബിള്‍ തുടങ്ങിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ഗുരുതര ആരോപണങ്ങളാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉന്നയിച്ചത്. യുണൈറ്റഡ് തന്നെ ചതിച്ചുവെന്നാണ് ബ്രിട്ടീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞത്. നിലവിലെ പരിശീലകന്‍ എറിക് ടെന്‍ഹാഗിനെതിരെയും മുന്‍ കോച്ച് ഒലേയ്‌ക്കെതിരെയും ഗുരുതര ആരോപണങ്ങളാണ് പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ഉന്നയിച്ചത്.

ടെന്‍ഹാഗിനോട് ഒരു ബഹുമാനവുമില്ലെന്ന് താരം തുറന്നടിച്ചിരുന്നു. കോച്ച് മാത്രമല്ല മറ്റു രണ്ടോ മൂന്നോ പേര്‍ കൂടി തന്നെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിക്കുന്നുണ്ട്. ചിലര്‍ക്ക് താന്‍ ഇവിടെ തുടരുന്നത് ഇഷ്ടമല്ല. കഴിഞ്ഞ വര്‍ഷവും അവര്‍ക്ക് ഇതേ നിലപാട് തന്നെയായിരുന്നുവെന്നും ക്രിസ്റ്റ്യാനോ ആരോപിച്ചു.

‘ഒലേ കോച്ചായിരുന്ന സമയത്ത് ഒരു മാച്ചിന് മുമ്പ് നടന്ന സംഭവം ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. മത്സരത്തിന് മുമ്പ് ടീമുമായി സംസാരിക്കുകയോ ഒരു നിര്‍ദേശമോ നല്‍കാതെ ഒലേ ആകെ ചെയ്തത് 1999ല്‍ ചാമ്പ്യന്‍സ് ലീഗില്‍ അദ്ദേഹം നേടിയ ഗോള്‍ കാണിച്ച് തരിക മാത്രമായിരുന്നു. ആ മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഞങ്ങള്‍ പരാജയപ്പെട്ടത്’, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.

പിന്നാലെ താരം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ക്ലബ് രംഗത്തുവന്നിരുന്നു. തങ്ങളെ സംബന്ധിച്ചുള്ള പ്രസ്താവനകളും വാര്‍ത്തകളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെ സംബന്ധിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്തുവന്നതിന് ശേഷമായിരിക്കും നടപടിയെന്നുമാണ് ക്ലബ് വിശദീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week