24.4 C
Kottayam
Sunday, May 19, 2024

സഞ്ജുവിന്റെ,തകര്‍പ്പന്‍ ഫീല്‍ഡിംഗ്‌, ത്രോ പന്തിന്റെ കയ്യില്‍; പുരാനെ പുറത്താക്കാതെ ഋഷഭിന്റെ ‘തമാശ’; ചൂടായി രോഹിത്- വിഡിയോ

Must read

ഫ്ലോറിഡ: ഗ്രൗണ്ടിലെ പെരുമാറ്റത്തിന്റെ പേരിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ ശാസിച്ച് ക്യാപ്റ്റൻ രോഹിത് ശർമ. നാലാം ട്വന്റി20യിൽ വിന്‍ഡീസ് ബാറ്റിങ്ങിന്റെ സമയത്തായിരുന്നു പന്തിന്റെ ‘തമാശ’ ഇന്ത്യൻ ക്യാപ്റ്റന് രസിക്കാതിരുന്നത്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 192 റൺസാണു നേടിയത്. വിൻഡീസിന്റെ മറുപടി ബാറ്റിങ്ങിൽ അഞ്ചാം ഓവറിലായിരുന്നു സംഭവം.

രണ്ട് വിക്കറ്റ് നഷ്ടത്തിൽ 49 എന്ന നിലയില്‍ വിൻഡീസ് നിൽക്കുമ്പോഴായിരുന്നു ക്യാപ്റ്റൻ നിക്കോളാസ് പുരാനെ പുറത്താക്കാൻ ഇന്ത്യയ്ക്കു സുവർണാവസരം ലഭിച്ചത്. അക്സർ പട്ടേൽ എറിഞ്ഞ ഓവറിലെ അവസാന പന്തിൽ പുരാൻ ഒരു സിംഗിളിനു ശ്രമിച്ചു. ഓപ്പണിങ് ബാറ്ററായ കൈല്‍ മേയർസുമായുണ്ടായ ആശയക്കുഴപ്പത്തിൽ പുരാനെ സഞ്ജു സാംസണും ഋഷഭ് പന്തും ചേർന്നു റണ്ണൗട്ടാക്കുകയായിരുന്നു. റണ്ണിനായി മുന്നോട്ട് ഓടിയ പന്തിനെ ഫീൽഡർ സഞ്ജു സാംസണിന്റെ ത്രോയാണു പ്രതിരോധത്തിലാക്കിയത്.

സഞ്ജുവിന്റെ ത്രോ ബോൾ ഋഷഭ് പന്തിന്റെ കൈകളിലെത്തിയെങ്കിലും പുരാനെ പുറത്താക്കുന്നതിനു പകരം ബോൾ വിക്കറ്റിനോടു ചേർത്തു പിടിച്ചു നോക്കി നിൽക്കുകയാണു ഋഷഭ് പന്ത് ചെയ്തത്. ഇതോടെ സമയം കളയാതെ പുരാനെ പുറത്താക്കാൻ, അസ്വസ്ഥനായ രോഹിത് ശർമ ഋഷഭ് പന്തിനോട് ആവശ്യപ്പെടുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

എട്ട് പന്തിൽ 24 റൺസെടുത്താണു പുരാൻ പുറത്തായത്. അക്സറിന്റെ അഞ്ചാം ഓവറിലെ ആദ്യ പന്തു തന്നെ ഫോർ നേടിയ പുരാൻ രണ്ടാം പന്ത് സിക്സും പറത്തി. മൂന്നാം പന്തിൽ റണ്ണില്ലെങ്കിലും നാലും അഞ്ചും പന്തുകളിലും സിക്സ് നേടി. തുടര്‍ന്നു വന്ന പന്തിലാണ് പുരാൻ റണ്ണൗട്ടായത്. മത്സരത്തിൽ 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റിൻഡീസ് 132 ന് പുറത്തായി. ജയത്തോടെ ഇന്ത്യ പരമ്പര 3–1ന് സ്വന്തമാക്കുകയും ചെയ്തു. പരമ്പരയിലെ അവസാന പോരാട്ടം ഞായറാഴ്ച വൈകിട്ട് നടക്കും.

ഏഷ്യാ കപ്പ് ക്രിക്കറ്റ്(Asia Cup 2022) ടൂര്‍ണമെന്‍റിനുള്ള ടീം പ്രഖ്യാപനത്തിന് മുമ്പ് ഇന്ത്യയുടെ(Indian National Cricket Team) അവസാന ടി20 മത്സരമാണ് ഇന്ന് വെസ്റ്റ് ഇന്‍ഡീസിന് എതിരായ അഞ്ചാം ടി20(WI vs IND 5th T20I). തിങ്കളാഴ്‌ച ടീമിനെ പ്രഖ്യാപിക്കാനിരിക്കേ ഇന്നത്തെ മത്സരത്തില്‍ കണ്ണുകളെല്ലാം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണിലാണ്(Sanju Samson). നാലാം ടി20യില്‍ ഇന്നലെ മോശമല്ലാത്ത പ്രകടനം പുറത്തെടുത്ത സഞ്ജു ഇന്ന് തിളങ്ങിയാല്‍ സെലക്‌ടര്‍മാര്‍ക്ക് താരത്തെ അവഗണിക്കാനാവില്ല. 

ഏഷ്യാ കപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ ശ്രദ്ധേയമായ ഒരു കാര്യം രണ്ട് തിരിച്ചുവരവുകളായിരിക്കും. പരിക്കിന്‍റെയും കൊവിഡിന്‍റേയും നീണ്ട ഇടവേള കെ എല്‍ രാഹുല്‍ മടങ്ങിവരുമ്പോള്‍ ഫോമില്ലായ്‌മയും തുടര്‍ന്നുള്ള വിശ്രമവും കഴിഞ്ഞ് മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ് മുന്‍ നായകന്‍ വിരാട് കോലി. ഇവര്‍ക്കൊപ്പം നായകന്‍ രോഹിത് ശര്‍മ്മ, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹാർദിക് പാണ്ഡ്യ, യുസ്‌വേന്ദ്ര ചഹല്‍, ജസ്‌പ്രീത് ബുമ്ര, ഭുവനേശ്വർ കുമാര്‍ എന്നിവരും ടീമിലുറപ്പ്. 17 അംഗ സ്‌ക്വാഡിലേക്ക് അവശേഷിക്കുന്ന സ്ഥാനങ്ങളില്‍ ആരൊക്കെ ഇടംപിടിക്കും? സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നിവരിലൊരാളെ പരിഗണിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഈ വര്‍ഷത്തെ ഫോം പരിഗണിച്ചാല്‍ ഇഷാനേക്കാള്‍ മുന്‍തൂക്കം സഞ്ജുവിനുണ്ട്. വിന്‍ഡീസ്-ഇന്ത്യ അഞ്ചാം ടി20യിലെ പ്രകടനം താരത്തിന് നിര്‍ണായകമാകും. 

ഇന്നലെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ നാലാം ടി20യില്‍ സഞ്ജു മോശമല്ലാത്ത പ്രകടനം പുറത്തെടുത്തിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജു 23 പന്തില്‍ പുറത്താകാതെ 30 റണ്‍സ് നേടി. രണ്ട് ഫോറും ഒരു സിക്‌സും താരം സ്വന്തമാക്കി. ഫീല്‍ഡിംഗില്‍ ജേസന്‍ ഹോള്‍ഡറുടെ ക്യാച്ചും നിക്കോളാസ് പുരാന്‍റെ തകര്‍പ്പന്‍ റണ്ണൗട്ടുമായും സഞ്ജു തിളങ്ങി. ഇന്ന് വിന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു കളിക്കുമെന്നുറപ്പാണ്. ഇനി പ്രകടനത്തില്‍ മാത്രമാണ് കണ്ണുകളെല്ലാം. 

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം സഞ്ജു സാംസണ്‍ പുറത്തെടുത്തിരുന്നു. 17 മത്സരങ്ങളില്‍ 146.79 സ്‌ട്രൈക്ക് റേറ്റിലും 28.63 ശരാശരിയിലും 458 റണ്‍സ് നേടി. രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ടി20 കരിയറില്‍ 14 ഇന്നിംഗ്‌സുകളില്‍ 21.62 ശരാശരിയിലും 135.1 സ്‌ട്രൈക്ക് റേറ്റിലും 281 റണ്‍സാണ് സഞ്ജുവിനുള്ളത്. ഈ വര്‍ഷം ശക്തമായി തിരിച്ചുവരവാണ് സഞ്ജു നടത്തിയിരിക്കുന്നത്. 2022ല്‍ അഞ്ച് ടി20 മത്സരങ്ങള്‍ കളിച്ചപ്പോള്‍ സഞ്ജു നാല് ഇന്നിംഗ്‌സില്‍ 164 റണ്‍സ് നേടി. ഉയര്‍ന്ന സ്‌കോര്‍ 77 എങ്കില്‍ 54.66 ബാറ്റിംഗ് ശരാശരിയും 160.78 സ്‌ട്രൈക്ക് റേറ്റുമുണ്ട് ഫോര്‍മാറ്റില്‍. ഐപിഎല്‍ കരിയറില്‍ 138 മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറികളോടെ 3526 റണ്‍സ് സഞ‌്ജുവിന് സ്വന്തം. ശരാശരി 29.14 എങ്കില്‍ സ്‌ട്രൈക്ക് റേറ്റ് 135.72. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week