24.6 C
Kottayam
Monday, May 20, 2024

പടം കണ്ടിറങ്ങുമ്പോൾ മറവിയിലേക്ക് മായുന്ന പെണ്ണില്‍ നിന്നും ഒരുപാട് വ്യത്യസ്തം… നട്ടെല്ലുള്ള,വ്യക്തിത്വമുള്ള ഒരു പെണ്ണ് ! അപര്‍ണയുടെ പ്രകടനത്തെ വാഴ്ത്തിയുള്ള കുറിപ്പ് വൈറലാകുന്നു

Must read

സ്വപ്‌നസാക്ഷാത്കാരത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുന്ന സൂരറൈ പോട്ര് എന്ന ചിത്രത്തിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ആമസോണ്‍ പ്രൈമില്‍ റിലീസായ സൂര്യയുടെ പുത്തന്‍ ചിത്രത്തിൽ മലയാളി താരങ്ങളായ അപര്‍ണ്ണാ ബാലമുരളിയുടെയും ഉര്‍വശിയുടെയും അഭിനയ മികവിനെയും ഏവരും പ്രശംസിച്ചിരുന്നു. സൂര്യയോടൊപ്പം ശ്രദ്ധേയ പ്രകടനമാണ് അപര്‍ണയും ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. നിരവധി സിനിമാ താരങ്ങളടക്കം അപർണ്ണയുടെ അഭിനയത്തെ വാഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്.

ഇപ്പോൾ ഇതാ അപര്‍ണയുടെ സുന്ദരി ( ബൊമ്മി )എന്ന കഥാപാത്രത്തെ പുകഴ്ത്തിക്കൊണ്ട് സോഷ്യല്‍മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഡോക്ടറും എഴുത്തുകാരനുമായ നെല്‍സണ്‍ ജോസഫ്.

സൂരരെ പോട്ര് ഇന്നലെ രാത്രി കണ്ടു. കണ്ടപ്പോള്‍ തൊട്ട് എഴുതണമെന്ന് കരുതുന്ന വിഷയമാണ്.

സൂര്യയെ പണ്ട് തൊട്ടേ ഇഷ്ടമാണ്. സാധാരണ ക്ലീഷേ തമിഴ് സിനിമകള്‍ എടുക്കുന്ന വിഷയങ്ങള്‍ക്ക് അപ്പുറത്ത് വ്യത്യസ്തമായ സബ്ജക്റ്റുകള്‍ പിടിക്കാന്‍ ശ്രമിക്കുന്നതുകൊണ്ടുകൂടിയാവും ഒരുപക്ഷേ. ഇത് പക്ഷേ സൂര്യയെക്കുറിച്ചോ സിനിമയെക്കുറിച്ചോ ഉള്ള കുറിപ്പല്ല. അപര്‍ണ ബാലമുരളി സിനിമയില്‍ ചെയ്ത ബൊമ്മി എന്ന കഥാപാത്രത്തെക്കുറിച്ചാണ്.

അപര്‍ണയുടെ ബെസ്റ്റ് പെര്‍ഫോമന്‍സുകളില്‍ ഒന്നാണ് എന്നത് മാത്രമല്ല ആ കഥാപാത്രത്തിന്‍്റെ മെച്ചം.

നിലനിന്ന് പോരുന്ന പല പൊതു വാര്‍പ്പുമാതൃകകളെയും ചിന്തകളെയും പൊളിച്ചടുക്കാന്‍ ശ്രമിക്കുന്ന രീതിയില്‍ വരച്ചെടുത്തതാണ് അപര്‍ണയുടെ ബൊമ്മി. പെണ്ണ് കാണാന്‍ പോവുന്നതിനു പകരം ആണ് കാണാന്‍ പോവുന്ന, അവിടെച്ചെന്ന് സ്വന്തം മനസിലുള്ളത് തുറന്ന് പറയാന്‍ മടികാണിക്കാത്ത പെണ്ണ്. പഴമയുടെ ബോധക്കേട് പൊതുസദസില്‍ വച്ച്‌ കെട്ടിയെഴുന്നള്ളിക്കാന്‍ മടിയില്ലാത്ത വല്യപ്പന് ഓണ്‍ ദി സ്പോട്ട് പണി കൊടുക്കുന്ന പെണ്ണ്.

മിണ്ടാതിരി പെണ്ണേ, ഇതൊക്കെ പറയാനല്ലേ ആണുങ്ങള്‍ വന്നത് എന്ന് കല്യാണാലോചനയ്ക്കിടെ പറയുന്നത് വകവയ്ക്കാതെ മനസിലുള്ളത് തുറന്ന് സംസാരിക്കുന്ന, സ്വന്തം കാലില്‍ നിന്നിട്ട് മതി, സ്വന്തം സംരംഭം ശരിയായിട്ട് മതി വിവാഹമെന്ന് പറയാന്‍ നട്ടെല്ലുള്ള പെണ്ണ്. ഒരിടത്ത് സൂര്യയുടെ കഥാപാത്രം സ്വന്തം ഭാര്യയോട് സഹായം ചോദിക്കാന്‍ ദുരഭിമാനം കാട്ടുന്ന അവസരമുണ്ട്. അപ്പൊ എന്തിനാണ് ഇത്ര ദുരഭിമാനം എന്നും വലിയ കാര്യങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നതല്ലേ, വല്ലപ്പൊഴും അതുപോലെ പ്രവര്‍ത്തിക്കൂ എന്ന് പറയുന്ന പെണ്ണ്.

ഭാര്യയോട് സഹായം ചോദിക്കാന്‍ എന്തിനാണിത്ര വിഷമിക്കുന്നത് എന്നു ചോദിക്കുന്ന സീനില്‍ ഒരു നിമിഷം ഇവിടെ പെണ്‍കോന്തന്മാരെന്നും പാവാടയെന്നും കമന്‍്റിടുന്ന അറിവില്ലാ പൈതങ്ങളെക്കുറിച്ചൊന്ന് ആലോചിച്ചുപോയി. ഉര്‍വശിയും സൂര്യയും അഭിനയിച്ചവരെല്ലാവരും മികച്ച പ്രകടനം കാഴ്ചവച്ച സൂരരൈ പോട്രില്‍ നായകന്‍ വിജയിക്കുമ്ബോള്‍ ഒരു വശത്തേക്ക് മാറ്റിനിര്‍ത്തപ്പെടുന്ന നായികമാരില്‍ നിന്നും, പടം കണ്ടിറങ്ങുമ്ബോള്‍ മറവിയിലേക്ക് മായുന്ന പെണ്ണില്‍ നിന്നും ഒരുപാട് വ്യത്യസ്തമാണ് ബൊമ്മി. വ്യക്തിത്വമുള്ള ഒരു പെണ്ണ്, നെല്‍സണ്‍ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week