‘മമ്മൂട്ടി സാർ ഒരു ഇതിഹാസമാണ്’ അദ്ദേഹത്തെപ്പോലുള്ള മഹാനടന്റെ മുൻപിൽ നിൽക്കാനുള്ള ശക്തി എനിക്കില്ല;ഋഷഭ് ഷെട്ടി
ബെംഗലൂരു:മെഗാസ്റ്റാർ മമ്മൂട്ടി ഒരു ഇതിഹാസമാണെന്ന് നടൻ ഋഷഭ് ഷെട്ടി. മമ്മൂട്ടിയെ പോലുള്ള ഒരു മഹാനടന്റെ മുൻപിൽ നിൽക്കാനുള്ള ശക്തി തനിക്ക് ഇല്ലെന്നും ഋഷഭ് പ്രതികരിച്ചു. മമ്മൂട്ടിയോട് മത്സരിച്ചാണ് മികച്ച നടനുള്ള ദേശീയ അവാർഡ് ഋഷഭ് നേടിയതെന്ന തരത്തിൽ നിരവധി വാർത്തകൾ പു റത്തുവന്നിരുന്നു. ഇതിനെ കുറിച്ച് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ മമ്മൂട്ടി സാറിന്റെ സിനിമ മത്സരത്തിന് ഉണ്ടായിരുന്നോയെന്ന് എനിക്ക് അറിയില്ല. സോഷ്യൽ മീഡിയയിൽ അത്തരത്തിൽ ചില വാർത്തകൾ കണ്ടു. ഏതൊക്കെ സിനിമകളാണ് ജൂറിയുടെ മുൻപിൽ വന്നതെന്ന് എനിക്കറിയില്ല. മമ്മൂട്ടി സാർ ഒരു ഇതിഹാസമാണ്. അദ്ദേഹത്തെപ്പോലുള്ള മഹാനടന്റെ മുൻപിൽ നിൽക്കാനുള്ള ശക്തി എനിക്കില്ല. മമ്മൂട്ടിയെ പോലുള്ള ഇതിഹാസതാരങ്ങൾ മത്സരത്തിനുണ്ടായിരുന്നെങ്കിൽ ഞാൻ എന്നെത്തന്നെ വലിയ ഭാഗ്യവാനായി കാണുന്നു’, – ഋഷഭ് വ്യക്തമാക്കി.
താൻ ഈ അവാർഡ് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഋഷഭ് പറഞ്ഞു. പലരും തനിക്കാണ് അവാർഡെന്ന് പറഞ്ഞെങ്കിലും വാർത്താസമ്മേളനത്തിൽ ജൂറി അത് പ്രഖ്യാപിക്കുന്നത് വരെ അക്കാര്യം വിശ്വസിച്ചില്ലെന്നും പുരസ്കാര വാർത്ത അറിഞ്ഞ് ആദ്യം എന്നെ അഭിനന്ദിച്ചത് ഭാര്യയാണെന്നും താരം പറഞ്ഞു. ജൂറിക്ക് കാന്താര ഇഷ്ടപ്പെട്ടു. അതിന് അവർക്ക് കാരണങ്ങൾ ഉണ്ടാകാം. ജൂറിക്ക് നന്ദിയുണ്ടെന്നും ഋഷഭ് കൂട്ടിച്ചേർത്തു. അവാർഡ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്നും ഇനിയും നിരവധി നല്ല സൃഷ്ടികൾ നൽകാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.