ട്രംപ് എത്തുന്നതിന് തൊട്ടുമുമ്പ് ഡല്‍ഹിയില്‍ കലാപം; കല്ലേറില്‍ പോലീസുകാരന്‍ മരിച്ചു, നിരോധനാജ്ഞ
ന്യൂഡല്‍ഹി: പൗരത്വനിയമത്തെച്ചൊല്ലി കിഴക്കന്‍ ഡല്‍ഹിയില്‍ കലാപം. നിയമത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയ. സംഘര്‍ഷത്തിനിടെ കല്ലേറില്‍ പരിക്കേറ്റ പോലീസുകാരന്‍ മരിച്ചു. ഹെഡ്കോണ്‍സ്റ്റബിള്‍ രത്തന്‍ലാലാണ് മരിച്ചത്. മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധം വ്യാപകമായതിന് പിന്നാലെ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ പത്തിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഡല്‍ഹിയിലെ ഭജന്‍പുര, മൗജ്പുര്‍ എന്നിവിടങ്ങളിലാണ് വ്യാപകമായി അക്രമം ഉണ്ടായത്. 24മണിക്കൂറിനിടെ രണ്ടാം തവണയാണ് സംഘര്‍ഷമുണ്ടാകുന്നത്.നിരവധി വാഹനങ്ങള്‍ക്ക് തീയിട്ടു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിനായി ഡല്‍ഹി പോലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. അക്രമം വര്‍ധിച്ചതിനെ തുടര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ അര്‍ധസൈനികരെ വിളിപ്പിച്ചു.
സംഭവത്തെ വളരെ ദുഃഖകരമെന്ന് വിശേഷിപ്പിച്ച ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സഹായം തേടി. ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തിര നടപടിയെടുക്കണമെന്ന് കെജരിവാള്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് കലാപം പുറപ്പെട്ടത് അധികൃതരില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.