കൊച്ചി: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏപ്രില്‍ ഒന്നു മുതല്‍ അഞ്ചുവരെ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേള (ആര്‍.ഐ.എഫ്.എഫ്.കെ) നടന്‍ മോഹന്‍ലാല്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ ഒന്നിന് രാവിലെ 9 മണിക്ക് സരിത തീയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ സാംസ്‌കാരിക, മത്സ്യബന്ധന, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും.
ചടങ്ങിനുശേഷം ബംഗ്ളാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമായ ‘രെഹാന’ ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിക്കും. സരിത, സവിത, കവിത തീയറ്ററുകളിലായി നടക്കുന്ന മേളയില്‍ 26ാമത് ഐ.എഫ്.എഫ്.കെയില്‍ ശ്രദ്ധേയമായ 70ഓളം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
സുവര്‍ണചകോരം ലഭിച്ച ‘ക്ളാരാ സോള’, പ്രേക്ഷകപ്രീതി ഉള്‍പ്പെടെ മൂന്ന് പുരസ്‌കാരങ്ങള്‍ ലഭിച്ച ‘കൂഴങ്കല്‍’, മികച്ച സംവിധായകനുള്ള രജത ചകോരം നേടിയ ‘കമീല കംസ് ഔട്ട് റ്റുനൈറ്റ്, ഫിപ്രസ്‌കി, നെറ്റ്പാക് പുരസ്‌കാരങ്ങള്‍ നേടിയ ‘ആവാസവ്യൂഹം’, ‘നിഷിദ്ധോ’, ‘കുമ്മാട്ടി’യുടെ റെസ്റ്ററേഷന്‍ ചെയ്ത പതിപ്പ് തുടങ്ങി 26ാമത് ഐ.എഫ്.എഫ്.കെയിലെ പ്രധാനപ്പെട്ട എല്ലാ ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ടി.ജെ വിനോദ് എം.എല്‍.എ ഫെസ്റ്റിവല്‍ ഹാന്‍ഡ് ബുക്ക് പ്രകാശനം ചെയ്യും. കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍ ഫെസ്റ്റിവല്‍ ബുള്ളറ്റിനിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിക്കും. സംഘാടക സമിതി ചെയര്‍മാന്‍ ജോഷി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, സെക്രട്ടറി സി.അജോയ്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോള്‍ എന്നിവര്‍ പങ്കെടുക്കും.