പാറ്റ്ന : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന ആർജെഡി നേതാവ് ശിവനാന്ദ് തിവാരി. രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് പഠിക്കണമെന്ന് തിവാരി പറഞ്ഞു. ഏകാധിപതിയെപ്പോലെയുള്ള സ്വഭാവം രാഹുൽ ഗാന്ധി ഉപേക്ഷിക്കണം. എതിരാളിയിൽ നിന്നും പല പാഠങ്ങളും രാഹുൽ ഗാന്ധി ഉൾക്കൊള്ളണമെന്നും തിവാരി വിമർശിച്ചു.
ബീഹാറിൽ 70 സീറ്റുകളിൽ കോൺഗ്രസ് മത്സരിച്ചു. എന്നാൽ 70 റാലികൾ പോലും സംഘടിപ്പിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ദിവസേന നാലോളം തെരഞ്ഞെടുപ്പ് റാലികളെ നയിച്ചപ്പോൾ, മൂന്ന് ദിവസം സംസ്ഥാനത്ത് തങ്ങിയ രാഹുൽ ഗാന്ധി രണ്ട് റാലികളിൽ മാത്രമാണ് പങ്കെടുത്തത്. കോൺഗ്രസിന്റെ മറ്റൊരു നേതാവായ പ്രിയങ്കാ വാദ്ര ബീഹാറിൽ വരുക പോലും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രിയങ്ക വാദ്ര നയിക്കുന്ന ഉത്തർപ്രദേശിൽ സീറ്റുകൾ കൃത്യമായി വിഭജിക്കുന്നതിൽ പോലും കോൺഗ്രസ് പരാജയപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി.