24 C
Kottayam
Wednesday, May 15, 2024

തലശ്ശേരിയിൽ ആറു വയസുകാരനെ മർദിച്ച കേസിൽ പൊലീസിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്;നടപടിക്ക് സാധ്യത

Must read

തലശ്ശേരി ∙ കാറിൽ ചാരിനിന്നതിന്റെ പേരിൽ, രാജസ്ഥാൻ സ്വദേശിയായ ആറു വയസ്സുകാരനെ പൊന്ന്യംപാലം സ്വദേശി കെ.മുഹമ്മദ് ഷിഹാദ് (20) ചവിട്ടി പരുക്കേൽപിച്ച കേസിൽ പൊലീസിന് വീഴ്‌ചയെന്നു റൂറൽ എസ്‌പിയുടെ അന്വേഷണ റിപ്പോർട്ട്. തലശ്ശേരി സിഐ എം. അനിലിനും  ഗ്രേഡ് എസ്ഐമാർക്കും വീഴ്‍ച പറ്റിയെന്നും പൊലീസ് ഉദ്യോഗസ്ഥർ കാര്യഗൗരവമുള്ള ഒരു നടപടിയും സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മർദനമേറ്റ സ്ഥലത്ത് പരിശോധനയ്ക്കു പോയ ഉദ്യോഗസ്ഥരും ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കെ.മുഹമ്മദ് ഷിഹാദിനെ ക്രൈംബ്രാഞ്ച് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. ഷിഹാദ് കുട്ടിയുടെ തലയ്ക്ക് അടിക്കുന്ന ദൃശ്യങ്ങൾ കൂടി പുത്തു വന്ന സാഹചര്യത്തിലാണ്  കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുക. 

കഴിഞ്ഞ ദിവസമാണ്, കേസിന്റെ അന്വേഷണം എസിപി കെ.വി.ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം ഏറ്റെടുത്തത്. ചവിട്ടേറ്റ കുട്ടി, മാതാപിതാക്കൾ എന്നിവർക്കു പുറമേ, ദൃക്സാക്ഷികളായ 2 പേരിൽ നിന്നും കുട്ടിയെ ആശുപത്രിയിലെത്തിച്ചവരിൽനിന്നും ക്രൈംബ്രാഞ്ച് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ദ്വിഭാഷിയുടെ സഹായത്തോടെയാണു കുട്ടിയുടെയും മാതാപിതാക്കളുടെയും മൊഴി രേഖപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്.

സംഭവദിവസം രാത്രി കസ്റ്റഡിയിൽ എടുത്ത പ്രതിയെ ആദ്യഘട്ടത്തിൽ വിട്ടയച്ചതുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസിനെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറിയത്. കുട്ടിയെ കൈകൊണ്ട് തല്ലിയതായി ദൃശ്യങ്ങളിൽ നിന്നു വ്യക്തമായതിനെ തുടർന്ന്, മുഴപ്പിലങ്ങാട് കുളംബസാറിലെ ദാറുൽ അമാനിൽ മഹമൂദിനെ (55) ശനിയാഴ്ച അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. വ്യാഴാഴ്ച രാത്രിയാണ്, ബലൂൺ വിൽപനയ്ക്കായി തലശ്ശേരിയിലെത്തിയ കുടുംബത്തിലെ കുട്ടി നാരങ്ങാപ്പുറത്തു വച്ച് ആക്രമിക്കപ്പെട്ടത്. 

അതേസമയം കുഞ്ഞിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് കെ സുധാകരൻ ഇന്നലെ രം​ഗത്തെത്തി. പൊലീസിന് ദാസ്യ ബുദ്ധിയെന്ന് സുധാകരൻ പറഞ്ഞു. പട്ടികൾ യജമാനനെ കാണുമ്പോൾ വാലാട്ടുന്നത് പോലെ സിപിഎം നേതാക്കളെ കാണുമ്പോൾ പൊലീസ് വാലാട്ടുന്നു. പൊലീസ് സിപിഎം അടിമകളും  ക്രിമിനലുകളുമാണെന്നും സുധാകരൻ ആരോപിച്ചു. സി പി എം ജില്ലാ നേതാക്കന്മാർ തലശ്ശേരി സംഭവത്തിൽ ഇടപെട്ടുവെന്നും പാർട്ടിയിൽ നിന്ന് പോലും പ്രതിഷേധു ഉയർന്നപ്പോഴാണ് നടപടിയെടുത്തതെന്നും സുധാകരൻ കുറ്റപ്പെടുത്തി. കാറിൽ ചാരി നിന്നതിന് മർദ്ദനമേറ്റ കുട്ടിയെ ആശുപത്രിയിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week