ആലപ്പുഴ: ബിജെപി ജില്ലാ നേതാവും ഒബിസി മോർച്ചാ സംസ്ഥാന സെക്രട്ടറിയുമായിരുന്ന രഞ്ജിത്തിനെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ രാത്രി കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആസിഫ്, നിഷാദ്, അലി, സുധീർ, അർഷാദ് എന്നിവരാണ് അറസ്റ്റിലായത്. മണ്ണഞ്ചേരിയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
രണ്ട് രാഷ്ട്രീയ കൊലപാതകങ്ങളിൽ ഞെട്ടിയ ആലപ്പുഴയിൽ വ്യാപകമായി ഇന്ന് പൊലീസ് റെയ്ഡ് നടത്തി. കൊലക്കേസുകളിലെ പ്രതികൾക്കായി 260 വീടുകൾ പൊലീസ് റെയ്ഡ് ചെയ്തു. പരിശോധന തുടരാൻ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമുണ്ട്. ആർഎസ്എസ്, എസ്‌ഡിപിഐ പ്രവർത്തകരുടെ വീടുകളിലാണ് പരിശോധന നടന്നത്.
മണ്ണഞ്ചേരി പഞ്ചായത്ത് അംഗവും എസ്‌ഡിപിഐ നേതാവുമായ നവാസ് നൈനയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായി വിവരമുണ്ട്. ബിജെപി നേതാവ് രഞ്ജിത്തിന്റെ വധവുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്. അതിനിടെ ഇന്ന് ചേർന്ന സർവകക്ഷി സമാധാന യോഗത്തിൽ പൊലീസിനെതിരെ ബിജെപിയും എസ്ഡിപിഐയും രംഗത്തെത്തി.
പോലീസ് വന്ദേമാതരവും ജയ് ശ്രീറാമും വിളിപ്പിക്കുന്നുവെന്നാണ് എസ്‌ഡിപിഐ ആരോപിച്ചത്. പ്രവർത്തകരെ അന്യായമായി കസ്റ്റഡിയിൽ വെക്കുന്നു, ക്രൂര മർദനം നടത്തുന്നുവെന്നും നേതാക്കൾ ആരോപിച്ചു. അതിനിടെ ബിജെപി നേതാവിന്റെ കൊലപാതകത്തിൽ പ്രതികളെ പിടികൂടാൻ ഇവിടുത്തെ പോലീസിനെ കൊണ്ട് പറ്റില്ലങ്കിൽ കേന്ദ്രത്തോട് പറയാമെന്ന് ബിജെപി പ്രസിഡന്റ് ഗോപകുമാർ പറഞ്ഞു. രൺജീത്തിന്റെ മൃതദേഹത്തോട് ജില്ലാ ഭരണകൂടം അനാദരവ് കാട്ടിയെന്നും ബിജെപി നേതാവ് കുറ്റപ്പെടുത്തി.