NationalNews

വാക്‌സിനെടുത്തവര്‍ക്ക് ആഭ്യന്തര വിമാനയാത്രയ്ക്ക് ആര്‍ടിപിസിആര്‍ ഒഴിവാക്കിയേക്കും; തീരുമാനം ഉടന്‍

ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയതായി സൂചന. ആഭ്യന്തര വിമാനയാത്ര നടത്തുന്നതിന് ആർടി പിസിആർ പരിശോധനാ ഫലം വേണമെന്ന വ്യവസ്ഥയിൽനിന്ന് രണ്ട് ഡോസ് കോവിഡ് വാക്സിൻ എടുത്തവരെ ഒഴിവാക്കിയേക്കുമെന്ന് എഎൻഐ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു.

ആരോഗ്യ മന്ത്രാലയം അടക്കമുള്ളവരുമായി ചർച്ചചെയ്ത് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി വാർത്താ ഏജൻസിയോട് പറഞ്ഞു. ചർച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വ്യോമയാന മന്ത്രാലയം ഒറ്റക്ക് തീരുമാനം എടുക്കില്ല. ആരോഗ്യ രംഗത്തെ വിദഗ്ധർ അടക്കമുള്ളവരുമായി ചർച്ച ചെയ്ത് മാത്രമെ തീരുമാനമെടുക്കൂ. യാത്രക്കാരുടെ താത്പര്യത്തിനാവും ഇക്കാര്യത്തിൽ മുൻഗണന നൽകുക. നിലവിൽ കോവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളിൽനിന്ന് ആഭ്യന്തര വിമാനയാത്ര നടന്നവരോടാണ് ആർടിപിസിആർ പരിശോധനാഫലം ചോദിക്കുന്നത്.

ആരോഗ്യം സംസ്ഥാന വിഷയമായതിനാൽ ഓരോ സംസ്ഥാനങ്ങളിൽനിന്നും എത്തുന്നവരോട് ആർടിപിസിആർ പരിശോധനാ ഫലം ആവശ്യപ്പെടാനുള്ള അവകാശം വിവിധ സംസ്ഥാനങ്ങൾക്കുണ്ട്. അതിനിടെ രാജ്യാന്തര യാത്രകൾ നടത്തുന്നവർക്ക് വാക്സിൻ പാസ്പോർട്ട് എന്ന ആശയത്തെ ഇന്ത്യ എതിർക്കുകയാണ് ചെയ്യുന്നത്. വിവേചനപരമായ നടപടിയാവും അതെന്നും അദ്ദേഹം വ്യക്തമാക്കി.

വികസ്വര രാജ്യങ്ങളിൽ വാക്സിൻ എടുത്തവരുടെ എണ്ണം കുറവായിരിക്കും എന്നതിനാൽ വാക്സിൻ പാസ്പോർട്ട് എന്ന ആശയം വിവേചനപരമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ ജി 7 രാജ്യങ്ങളുടെ യോഗത്തിൽ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button