ടോക്യോ:മത്സരയിനമോ മെഡലോ ഇല്ലാതിരുന്നിട്ടും ടോക്യോ ഒളിംപിക്സിന് തിരിതെളിയുന്നതിന് മുമ്പെ പോഡിയം കയറിയത് കൊവിഡ് ഭീതിയിൽ ഒളിംപിക്സ് വില്ലേജിൽ സംഘാടകർ ഏർപ്പെടുത്തിയ സെക്സ് നിരോധനമായിരുന്നു. ഇതിനായി ഒളിംപിക് വില്ലേജിൽ കായിക താരങ്ങൾക്ക് കിടക്കാനായി നൽകിയ കാർബോർഡ് കട്ടിലുകളുടെ ബലം കുറച്ചുവെന്നായിരുന്നു ഒരു പ്രധാന ആരോപണം.
ഒരാളുടെ ഭാരം മാത്രം താങ്ങൻ ശേഷിയുള്ള കാർഡ് ബോർഡ് കട്ടിലുകളാണ് സംഘാടകർ കായിക താരങ്ങൾക്ക് നൽകിയിരിക്കുന്നതെന്നായിരുന്നു ആക്ഷേപം. ഒളിംപിക്സ് മത്സരങ്ങൾക്കിടെ കായിക താരങ്ങൾ തമ്മിൽ സെക്സിലേർപ്പെടുന്നത് തടയുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ സംഘാടകർ ഇത് നിഷേധിക്കുകയും കട്ടിലുകൾക്ക് മതിയായ ഭാരം താങ്ങാനുള്ള ശേഷിയുണ്ടെന്ന് പിന്നീട് വിശദീകരിക്കുകയും ചെയ്തു.
കൊവിഡ് കാലത്ത് ഒളിംപിക് വില്ലേജിലും കളിക്കാർ തമ്മിൽ ശാരീരീക അകലം പാലിക്കണമെന്ന് കർശനമായി പറയുകയും 11000 ത്തോളം കായിക താരങ്ങൾക്കായി ആയിരക്കണക്കിന് കോണ്ടങ്ങൾ ഒളിംപിക് വില്ലേജിൽ വിതരണം ചെയ്യുകയും ചെയ്ത സംഘാടകരുടെ അടുത്ത നടപടിയായിരുന്നു പിന്നീട് വിവാദത്തിരി കൊളുത്തിയത്. എന്നാൽ ഒളിംപിക് വില്ലേജിൽ കോണ്ടം വിതരണം ചെയ്യുന്നത് ലൈംഗിക ബന്ധത്തിലേർപ്പെടാനാല്ലെന്നും ഗർഭനിരോധന മാർഗങ്ങളെക്കുറിച്ച് കായിക താരങ്ങളിൽ അവബോധം സൃഷ്ടിക്കാൻ വേണ്ടി മാത്രമാണെന്നും തിരികെ മടങ്ങുമ്പോൾ കളിക്കാർക്ക് നൽകുന്ന കോണ്ടം അവർക്ക് കൊണ്ടുപോകാമെന്നും സംഘാടകർ വിശദീകരിച്ചു.
എന്തുകൊണ്ടായിരിക്കും ഒളിംപിക്സ് പോലുള്ള ഒരു ലോക കായിക മാമാങ്കത്തിൽ സെക്സ് ഇത്രമാത്രം ചർച്ചാവുന്നത്. അതിനെക്കുറിച്ച് ഒരു മുൻ ഒളിംപ്യൻ തന്നെ തുറന്നു പറയുകയാണ്. ജർമനിയുടെ മുൻ ലോംഗ്ജംപ് താരവും ഒളിംപ്യനുമായ സൂസെൻ ടൈഡ്കെ ആണ് ഒളിംപിക്സും സെക്സും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് തുറന്നു പറയുന്നത്.
കൊവിഡ് ഭീതിയിൽ ഒളിംപിക്സ് വില്ലേജിൽ സെക്സ് നിരോധിച്ചുവെന്ന് കേട്ട് പൊട്ടിച്ചിരിക്കുകയാണ് താനാദ്യം ചെയ്തതെന്ന് സൂസൻ പറയുന്നു. കാരണം അത് ഒരിക്കലും നടക്കാത്ത മനോഹര സ്വപ്നമാണെന്നാണ് 1992ലെ ബാഴ്സലോണ ഒളിംപിക്സിലും 2000ലെ സിഡ്നി ഒളിംപിക്സിലും ജർമനിയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സൂസെൻ പറയുന്നത്. ഒളിംപിക്സ് വില്ലേജിൽ സെക്സ് എല്ലായ്പ്പോഴും ഒരു പ്രശ്നമായിരുന്നുവെന്നും ജർമൻ പത്രമായ ബിൽഡിന് നൽകി അഭിമുഖത്തിൽ സൂസെൻ പറഞ്ഞു.
ഒളിംപിക്സ് മത്സരങ്ങളിൽ പങ്കെടുക്കുന്ന കായിക താരങ്ങളുടെയെല്ലാം ശാരീരികോർജ്ജം മത്സരങ്ങൾക്കുശേഷം എല്ലായ്പ്പോഴും ഏറ്റവും ഉയർന്ന തലത്തിലായിരിക്കും. ആ ഊർജ്ജം പുറത്തുകളയാനുള്ള എളുപ്പ വഴിയാണ് സെക്സ്. അതുകൊണ്ടു തന്നെ ഒളിംപിക്സ് വില്ലേജിൽ സെക്സ് നിരോധിക്കാനാവില്ല. എന്നാൽ മത്സരങ്ങൾക്ക് മുമ്പ് സെക്സിലേർപ്പെടുന്നത് പലപ്പോഴും പരിശീലകർ തന്നെ വിലക്കാറുണ്ടെന്നും സൂസെൻ പറയുന്നു. മത്സരങ്ങൾക്കു മുമ്പുള്ള സെക്സ് ശാരീരികോർജ്ജം നഷ്ടമാക്കു എന്നതിനാലാണിത്.
എന്നാൽ മത്സരങ്ങൾ പൂർത്തിയാക്കിയാൽ പലരും സെക്സിലേർപ്പെടുന്നത് സ്വാഭാവികമാണ്. പലപ്പോഴും പുലർച്ചെയൊക്കെയാണ് ഇത് സംഭവിക്കുക. മത്സരങ്ങൾക്ക് ശേഷം നമ്മുടെ മുറിയിലുള്ള സഹതാരങ്ങൾ പോലും നമുക്ക് സ്വകാര്യത വേണമെങ്കിൽ മുറി ഒഴിഞ്ഞു തരാൻ തയാറാവാറുണ്ടെന്നും സൂസെൻ പറയുന്നു. അതുകൊണ്ടു തന്നെ ഒളിംപിക്സിനിടെയുള്ള സെക്സ് നിരോധം പ്രായോഗികമല്ലെന്നും സംഘാടകർ ഇക്കാര്യം തിരിച്ചറിയണമെന്നും സൂസെൻ പറഞ്ഞു. ബാഴ്സലോണ ഒളിംപിക്സിനിടെ കണ്ടുമുട്ടിയ ലോംഗ് ജംപ് താരം ജോ ഗ്രീനാണ് സൂസെന്റെ ആദ്യ ഭർത്താവ്.
മത്സരയിനമൊന്നുമല്ലെങ്കിലും ഒളിംപിക്സുകളിലെല്ലാം സെക്സ് സജീവ ചർച്ചാ വിഷയമാവാറുണ്ട്. രണ്ട് തവണ ഒളിംപിക് സ്വർണം നേടിയ അമേരിക്കൻ ഫുട്ബോൾ ടീം ഗോൾ കീപ്പറായിരുന്ന ഹോപ് സോളോ 2012ൽ ഇഎസ്പിഎൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സമാനമായ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഒളിംപിക് വില്ലേജിൽ കായികതാരങ്ങൾ തമ്മിൽ സെക്സിലേർപ്പെടുന്നത് സർവസാധാരണമാണെന്നും പലരും തുറന്ന സ്ഥലത്തുവെച്ചുപോലും അത് ചെയ്യാറുണ്ടെന്നും പുൽത്തകിടിയിലോ കെട്ടിടങ്ങളുടെ ഇടയിലോ എല്ലാം ഇത് കാണാമെന്നും ഹോപ്പ് പറഞ്ഞിരുന്നു.
1988ലെ സോൾ ഒളിംപ്കിസിലാണ് ആദ്യമായി ഒളിംപിക് വില്ലേജിൽ കായികതാരങ്ങൾക്ക് കോണ്ടം വിതരണം ചെയ്തത്. 2016 റിയോ ഒളിംപിക്സിൽ നാലര ലക്ഷം കോണ്ടമാണ് സംഘാടകർ ഒളിംപിക് വില്ലേജിൽ വിതരണം ചെയ്തതെന്നാണ് കണക്ക്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ശാരീരിക അകലം പാലിക്കണമെന്ന് കർശന നിർദേശമുണ്ടെങ്കിലും 11000ത്തോളം കായിക താരങ്ങൾക്കായി ടോക്യോ ഒളിംപിക്സിലും സംഘാടകർ 1,60000 കോണ്ടം വില്ലേജിൽ വിതരണം ചെയ്തിട്ടുണ്ട്.