തിരുവനന്തപുരം: അതിവേഗറയില്‍ പദ്ധതിയായ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഭൂമിയും വീടും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജായി. വീട് നഷ്ടപ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരവും 4.60 ലക്ഷം രൂപയും നല്‍കും. അല്ലെങ്കില്‍ നഷ്ടപരിഹാരവും 1.60 ലക്ഷം രൂപയും ലൈഫ് മാതൃകയില്‍ വീടും നല്‍കും. വാസസ്ഥലം നഷ്ടപ്പെടുകയും ഭൂരഹിതരാകുകയും ചെയ്യുന്ന അതി ദരിദ്രര്‍ക്കും നഷ്ടപരിഹാരം നല്‍കും.
മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത, മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും മാധ്യമ മേധാവികളും പൗരപ്രമുഖരും പങ്കെടുക്കുന്ന പരിപാടിയ്ക്ക് മുന്നോടിയായാണ് ലൈഫ് പുനരധിവാസ പാക്കേജ് പുറത്തുവിട്ടത്. ഭൂമിയും കെട്ടിടങ്ങളും നഷ്ടമാകുന്ന വാണിജ്യ സ്ഥാനപനങ്ങള്‍ക്കും, വാടകക്കാര്‍ക്കും പ്രത്യേകം തുക വിശദീകരിച്ചിട്ടുണ്ട്. കാലിത്തൊഴുത്ത് അടക്കം പൊളിച്ച് നീക്കിയാല്‍ എത്ര രൂപ നല്‍കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.
ഭൂരഹിതര്‍ക്ക് അഞ്ചു സെന്റ് ഭൂമിയും ലൈഫ് മാത്യകയില്‍ വീടും നല്‍കും. അല്ലെങ്കില്‍ നഷ്ടപരിഹാരവും അഞ്ചു സെന്റ് ഭൂമിയും നാലു ലക്ഷം രൂപയും നല്‍കും. അതുമല്ലെങ്കില്‍ നഷ്ടപരിഹാരവും ആറു ലക്ഷം രൂപയും നാലു ലക്ഷം രൂപയും നല്‍കാന്‍ തീരുമാനിച്ചു. കാലിത്തൊഴുത്തുകള്‍ പൊളിച്ചു നീക്കിയാല്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെ ലഭിക്കും. വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്ന ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരവും 50,000 രൂപയും വാടക കെട്ടിടത്തിലെ വാണിജ്യ സ്ഥാപനം നഷ്ടപ്പെടുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപയും നല്‍കും.
സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായ എതിര്‍പ്പുകള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താല്‍പര്യക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലത്തിനനുസരിച്ച മാറ്റം കേരളത്തിലും വരേണ്ടിയിരിക്കുന്നു. പദ്ധതി പ്രളയം സൃഷ്ടിക്കുമെന്ന പ്രചാരണം തെറ്റാണ്. വെള്ളത്തിന്റെ സ്വാഭാവികമായ ഒഴുക്കിന് തടസമുണ്ടാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ആരോപണം തെറ്റാണ്. ഓരോ 500 മീറ്ററിലും മേല്‍പ്പാലങ്ങളോ അടിപ്പാതകളോ ഉണ്ടാകും. കൃഷി സ്ഥലങ്ങള്‍ക്ക് യാതോരു കോട്ടവും വരുത്തില്ല. റെയില്‍വേ വികസനം സില്‍വര്‍ ലൈനിന് പകരമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ പണത്തിനായി അന്താരാഷ്ട്ര ഏജന്‍സികളുമായും സര്‍ക്കാര്‍ സഹകരിക്കും. ചെലവ് നിയന്ത്രിക്കാന്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തിരിക്കുന്ന മുഖ്യമന്ത്രിയുടെ ആദ്യ വിശദീകരണയോഗത്തില്‍ വ്യക്തമാക്കി. ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണു പരിപാടി നടന്നത്. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടനാ പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരെയാണ് ഇതിലേക്ക് ക്ഷണിച്ചത്. പദ്ധതിക്കു പിന്തുണ അഭ്യര്‍ഥിച്ച് മാധ്യമ മേധാവികളെയും പത്രാധിപരെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള യോഗം ഈ മാസം 25ന് നടക്കും.