കൊച്ചി: വിലയില്‍ 30 ലക്ഷം രൂപ കുറച്ച് കാണിച്ചതിനെ തുടര്‍ന്ന് നടന്‍ പൃഥ്വിരാജിന്റെ പുതിയ ആഡംബര കാറിന്റെ രജിസ്‌ട്രേഷന്‍ മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു. കാറിന്റെ താല്‍ക്കാലിക രജിസ്‌ട്രേഷനു വേണ്ടി നല്‍കിയ അപേക്ഷയില്‍ വില 1.34 കോടി രൂപയെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ യഥാര്‍ഥ വില 1.64 കോടിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
എറണാകുളം ആര്‍.ടി ഓഫീസില്‍ ഓണ്‍ലൈനായാണ് നികുതി അടക്കാനുള്ള അപേക്ഷ നല്‍കിയിരിക്കുന്നത്. അപേക്ഷയോടൊപ്പം കാറിന്റെ വില 1.34 കോടി രൂപയെന്ന് രേഖപ്പെടുത്തുകയും ഇതിനനുസരിച്ചുള്ള നികുതി മാത്രമാണ് അടച്ചിരുന്നത്. നികുതിയായി ഒമ്പതു ലക്ഷം രൂപ കൂടി അടച്ചാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ ചെയ്യാനാകൂ എന്ന് മോട്ടര്‍ വാഹന വകുപ്പ് വ്യക്തമാക്കി.
അതേസമയം, 30 ലക്ഷം രൂപ സെലിബ്രിറ്റി ഡിസ്‌കൗണ്ട് ഇനത്തില്‍ കുറച്ചു നല്‍കിയതാണെന്നാണ് വാഹനം വിറ്റ സ്ഥാപനത്തിന്റെ പ്രതികരണം. ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്ക് വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം.