KeralaNews

ഇടമലയാർ ഡാമിൽ റെഡ് അലർട്ട്,വൃഷ്ടി പ്രദേശത്ത് കനത്ത മഴ, കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം

എറണാകുളം: ശക്തമായ മഴ തുടരുന്നതിനിടെ എറണാകുളത്തെ ഇടമലയാർ ഡാം നിറയുന്നു. നിലവിൽ ഡാമിലെ ജലനിരപ്പ് 163.5 അടിയാണ്. ജലനിരപ്പ് 164 അടിയായാൽ ഷട്ടറുകൾ തുറക്കും. ഇതേ തുടർന്ന് ഇടമലയാർ ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇടമലയാർ ഡാമിൻ്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ പെയ്യുന്നുണ്ട്. ഇതോടൊപ്പം സംസ്ഥാനത്ത് എറണാകുളം അടക്കമുള്ള ജില്ലകളിൽ മഴ പെയ്തേക്കുമെന്ന് മുന്നറിയിപ്പ് കൂടി കണിക്കിലെടുത്താണ് ഡാമിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചത്.  റൂൾ ലെവൽ പ്രകാരം ഡാമിലെ ജലനിരപ്പ് 164 അടിയിൽ എത്തിയാൽ ഷട്ടറുകൾ തുറന്ന് അധിക ജലം താഴേക്ക് ഒഴുക്കും.  നിലവിൽ പെരിയാർ നദിയിൽ ജലനിരപ്പ് താഴ്ന്ന അവസ്ഥയാണ് ഉള്ളത്. കാലടിയിൽ 1.415 മീറ്ററും മാർത്താണ്ഡവർമ പാലത്തിന് സമീപം 0.855 മീറ്ററും മംഗലപ്പുഴയിൽ 0.80 മീറ്ററുമാണ് ജലനിരപ്പ്.  പെരിയാർ നദിയുടെ കൈവഴിയായ ഇടമലയാറിൽ അയ്യമ്പുഴയ്ക്കും ഭൂതത്താൻകെട്ടിനും ഇടയിൽ എണ്ണക്കലിലാണ് ഇടമലയാർ ഡാം സ്ഥിതി ചെയ്യുന്നത്. 

മഴ മുന്നറിയിപ്പിൽ മാറ്റം: പത്ത് ജില്ലകളിൽ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിനുള്ള മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി,കോട്ടയം, ആലപ്പുഴ,എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 

വടക്കൻ ജില്ലകളിൽ മലവെള്ളപ്പാച്ചിൽ

കോഴിക്കോട്: മലയോരമേഖലയായ വിലങ്ങാട് പാനോം ഭാഗത്ത് വനമേഖലയിൽ ഉരുൾ പൊട്ടിയതായി സൂചന.  വിലങ്ങാട്  പുഴയിൽ പൊടുന്നനെ ജലനിരപ്പ് ഉയർന്നതാണ് സംശയത്തിന് കാരണം. വിലങ്ങാട് ടൗണിലെ കടകളിൽ വെള്ളം കയറിയിട്ടുണ്ട്. മലയോരമേഖലയിൽ ഇടവിട്ട് മഴ തുടരുന്നുണ്ട്. നേരത്തെ ഉരുൾപൊട്ടൽ ഉണ്ടായിരുന്ന മേഖലയാണിത്. രണ്ടാഴ്ച മുൻപും ഈ മേഖലയിൽ ശക്തമായ കാറ്റ് വീശി യിരുന്നു. വാണിമേൽ പുഴയിലും മലവെള്ളപ്പാച്ചിൽ ഉണ്ടായിട്ടുണ്ട്. 

മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഭാഗത്തും ശക്തമായ മഴയും മലവെള്ളപ്പാച്ചിലും അനുഭവപ്പെടുന്നുണ്ട്. കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെളളപ്പാച്ചിലുണ്ടായി. ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.  കണ്ണൂരിലും മലവെള്ളപ്പാച്ചിലുണ്ടായി. നെടുംപോയിൽ ചുരത്തിൽ മലവെള്ളപ്പാച്ചിലുണ്ടായത്. ഇവിടെ വനത്തിൽ ഉരുൾപൊട്ടിയതായിട്ടാണ് സൂചന. ഇവിടെ മൂന്നാഴ്ച മുൻപ് ഉരുൾ പൊട്ടി മൂന്നുപേർ മരിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button