തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്കിന് 150 കോടി രൂപയുടെ സഹായം നല്‍കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ. വായ്പാ തട്ടിപ്പില്‍ സര്‍ക്കാര്‍ നിയോഗിച്ച ഒന്‍ുതംഗ സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബാങ്കിന്റെ വിശ്വാസ്യത ഉറപ്പുവരുത്താനും, തകര്‍ച്ചയില്‍ നിന്ന് കരകയറ്റാനുമാണ് ധന സഹായത്തിനുള്ള ശുപാര്‍ശ.
കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ സാമ്പത്തിക സ്ഥിതിയും, തട്ടിപ്പിന്റെ വ്യാപ്തിയും ഭാവി നടത്തിപ്പിന് വേണ്ട കാര്യങ്ങളും ഉള്‍പ്പെടെ പരിശോധിച്ച് വിശദമായി റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ ഒന്‍പതംഗ സമിതിയെ നിയോഗിച്ചത്. മുന്നൂറ് കോടി രൂപയുടെ തട്ടിപ്പ് കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നടന്നുവെന്നാണ് കണക്കുകൂട്ടല്‍. ബാങ്കില്‍ ഗുരുതര ക്രമക്കേട് നടന്നതായി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 150 കോടി രൂപയുടെ സാമ്പത്തിക സഹായം കേരള ബാങ്ക് വഴിയോ, സര്‍ക്കാര്‍ നേരിട്ടോ നല്‍കണമെന്നാണ് ശുപാര്‍ശ.
എന്നാല്‍ ബാങ്കിന്റെ ബാധ്യത ഏറ്റെടുക്കാന്‍ കേരള ബാങ്ക് ഒരുക്കമല്ല. ജില്ലയില്‍ പുത്തൂര്‍ സഹകരണ ബാങ്ക് ഉള്‍പ്പെടെ നിരവധി ബാങ്കുകള്‍ വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കരുവന്നൂര്‍ ബാങ്കിന് മാത്രം സഹായം നല്‍കിയാല്‍ തകര്‍ച്ചയിലുള്ള മറ്റ് ബാങ്കുകളും ധന സഹായത്തിനായി സര്‍ക്കാറിനെ സമീപിക്കാനുള്ള സാധ്യതയുണ്ട്. അതേ സമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് സി.ബി.ഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജി അടുത്ത ദിവസം ഹൈക്കോടതി വീണ്ടും പരിഗണിക്കും.
നിലവില്‍ കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ഇപ്പോഴത്തെ ഭരണ സമിതി അംഗങ്ങളെ അറസ്റ്റ് ചെയ്യാത്തത് ഒത്തുകളിയുടെ ഭാഗമായാണെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തുന്നത്. ബാങ്കിന്റെ മുന്‍ ഭരണ സമിതി അംഗങ്ങളെ കേസില്‍ പ്രതി ചേര്‍ക്കാത്തതിലും പ്രതിഷേധം കനക്കുകയാണ്. കേസിലെ മുഖ്യപ്രതികളി ലൊരാളായ കിരണ്‍ ഇപ്പോഴും ഒളിവിലാണ്.