ന്യൂഡല്‍ഹി: ബിജെപി നേതാവിന്റെ മകന്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉത്തരാഖണ്ഡില്‍ പ്രതിഷേധം വ്യാപിക്കുന്നു. ഇതോടെ പ്രതിയുടെ അച്ഛനേയും സഹോദരനേയും ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മന്ത്രിയുമായ വിനോദ് ആര്യ, സഹോദരന്‍ അങ്കിത് ആര്യ എന്നിവരെയാണ് പുറത്താക്കിയത്. വിനോദ് ആര്യയുടെ മകനും പ്രതിയുമായ പുല്‍കിത് ആര്യയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പുല്‍കിത് അടക്കം മൂന്ന് പേരാണ് കൊലപാതകത്തില്‍ പ്രതികളായിട്ടുള്ളത്.
പുല്‍കിതിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റാണ് കൊല്ലപ്പട്ട 19-കാരി. കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധത്തിനിടെ കഴിഞ്ഞ ദിവസം റിസോര്‍ട്ടിന്റെ ചില ഭാഗങ്ങള്‍ അധികൃതര്‍ പൊളിച്ചിരുന്നു. രോഷം അടങ്ങാതെ നാട്ടുകാര്‍ ഇന്ന് റിസോര്‍ട്ടിന് തീയിട്ടു.
സ്ഥലം എംഎല്‍എക്കെതിരെയും പ്രതിഷേധമുണ്ടായി. ബിജെപി എംഎല്‍എ രേണു ബിഷ്ടിനെ തടഞ്ഞുവെച്ച പ്രതിഷേധക്കാര്‍ അവരുടെ കാറ് തകര്‍ത്തു. ഏറെ പാടുപെട്ടാണ് പ്രതിഷേധക്കാര്‍ക്കിടയില്‍ നിന്ന് എംഎല്‍എയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷിച്ചെടുത്തത്.
ഉത്തരഖാണ്ഡിലെ പൗരി ജില്ലയിലുള്ള പുല്‍കിതിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടില്‍ വെച്ചാണ് 19-കാരി കൊല്ലപ്പെട്ടത്. തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായെന്ന പരാതി പോലീസിന് ലഭിച്ചത്. പുല്‍കിതും റിസോര്‍ട്ടിലെ രണ്ടു ജീവനക്കാരും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. മൂന്ന് പേരേയും പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അധികൃതര്‍ റിസോര്‍ട്ട് ഒറ്റരാത്രികൊണ്ട് പൊളിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഒരു കനാലില്‍ നിന്ന് കണ്ടെടുത്തത്. പ്രതിയുടെ പിതാവ് ഭരണകക്ഷിയായ ബിജെപിയിലെ പ്രധാനി ആയതുകൊണ്ട് അന്വേഷണത്തില്‍ പോലീസ് നിഷ്‌ക്രിയത്വം കാണിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. പുല്‍കിതിന്റെ പിതാവ് വിനോദ് ആര്യ മന്ത്രിസ്ഥാനത്തിന് തുല്യമായ ബോര്‍ഡ് ചെയര്‍മാന്‍ പദവി വഹിച്ചിട്ടുണ്ട്. സഹോദരന്‍ അങ്കിത് സംസ്ഥാന ഒബിസി കമ്മീഷന്റെ ഉപാധ്യക്ഷനാണ്.
19-കാരിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിപ്പിച്ചതായും ഇതിന് വഴങ്ങാതായതോടെയാണ് കൊലപാതകമെന്നുമാണ് പരാതി. എന്നാല്‍ ഇക്കാര്യത്തില്‍ പോലീസ് സ്ഥിരീകരണം നല്‍കിയിട്ടില്ല. പുല്‍കിത് ആര്യയെ കൂടാതെ റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, അസി.മാനേജര്‍ അങ്കിത് ഗുപ്ത എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ചോദ്യംചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ഇന്നലെ ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ നാട്ടുകാര്‍ പോലീസ് വാഹനം വളയുകയും പ്രതികളെ മര്‍ദിക്കുകയും ചെയ്തിരുന്നു.
ഇതിനിടെ പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിട്ടുണ്ട്. 18-ാം തീയതി പെണ്‍കുട്ടിയെ കാണാതായിട്ടും പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 21-നാണെന്നും ഇതെന്തുകൊണ്ടാണെന്നും കോണ്‍ഗ്രസ് ചോദിച്ചു.