വി.ജെ ചിത്ര ആത്മഹത്യ ചെയ്തത് മാനസിക സമ്മര്‍ദ്ദം താങ്ങാനാകാതെ; കാരണക്കാര്‍ രണ്ടു പേര്‍, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ചെന്നെ: സീരിയല്‍ നടി വി.ജെ ചിത്ര ആത്മഹത്യ ചെയ്തത് കടുത്ത മാനസിക സമ്മര്‍ദ്ദം മൂലമെന്ന് റിപ്പോര്‍ട്ട്. അമ്മ വിജയയുടെയും പ്രതിശ്രുത വരന്‍ ഹേംനാഥിന്റെയും പെരുമാറ്റം താരത്തെ പ്രതിസന്ധിയിലാക്കിയിരുന്നുവെന്നും പോലീസ് പറയുന്നു.
വിവാഹ നിശ്ചയത്തിന് ശേഷം വീട്ടുകാര്‍ അറിയാതെ ചിത്ര ഹേം നാഥിനെ രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നു. ഫെബ്രുവരിയില്‍ വിവാഹം നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഇതിനിടയിലുള്ള ഹേംനാഥിന്റെ പെരുമാറ്റം നടിയെ വേദനിപ്പിച്ചു.
സീരിയല്‍ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് മദ്യപിച്ചെത്തി ഇയാള്‍ വഴക്കുണ്ടാക്കിരുന്നു. ഈ വിവരം ചിത്ര അമ്മയെ അറിയിച്ചു. അവനുമായിട്ടുള്ള ബന്ധം ഉപേക്ഷിക്കാനായിരുന്നു അമ്മ നല്‍കിയ ഉപദേശം. ഇതോടെ താരം കൂടുതല്‍ മാനസിക സമ്മര്‍ദ്ദത്തിലാവുകയായിരുന്നുവെന്ന് അന്വേഷണ സംഘം അറിയിച്ചു.
അമ്മയെയാണ് ചിത്ര അവസാനമായി വിളിച്ചത്. അതേസമയം തുടര്‍ച്ചയായ മൂന്നാം ദിവസവും ഹേംനാഥിനെയും ഹോട്ടല്‍ ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്തു. കുളിക്കാനായി പോയ ചിത്ര തന്നോടു പുറത്തു കാത്തിരിക്കാന്‍ പറഞ്ഞുവെന്നായിരുന്നു ഹേംനാഥ് ആദ്യം മൊഴി നല്‍കിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോള്‍ കാറില്‍ മറന്നുവച്ച വസ്തു എടുത്തുകൊണ്ടുവരാന്‍ ചിത്ര ആവശ്യപ്പെട്ടതു കൊണ്ടാണു പുറത്തുപോയതെന്നാണ് ഹോംനാഥ് പറഞ്ഞത്.