മുംബൈ:റിയൽമി ഇന്ത്യൻ വിപണിയിൽ പുതിയ രണ്ട് 5ജി സ്മാർട്ട്ഫോണുകൾ പുറത്തിറക്കി. 20,000 രൂപയിൽ താഴെ വിലയുള്ള റിയൽമി 11 5ജി (Realme 11 5G), റിയൽമി 11എക്സ് 5ജി (Realme 11X 5G) എന്നീ ഫോണുകളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. കാണാൻ സാമ്യതകളുണ്ടെങ്കിലും ഈ രണ്ട് ഫോണുകളുടെയും സ്പെസിഫിക്കേഷനുകൾ വ്യത്യസ്തമാണ്. കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന ആളുകളെ ആകർഷിക്കുന്ന തരത്തിലാണ് രണ്ട് സ്മാർട്ട്ഫോണുകളും ഡിസൈൻ ചെയ്തിരിക്കുന്നത്.
റിയൽമി 11 സ്മാർട്ട്ഫോൺ യുവാക്കളായ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുറത്തിറക്കിയ ഫോണാണ്. കോളേജ് വിദ്യാർത്ഥികൾക്ക് അധികം പണം മുടക്കാതെ മികച്ച ക്യാമറയും 5ജി കണക്റ്റിവിറ്റിയുമുള്ള ഫോൺ എന്ന നിലയിൽ ഈ ഡിവൈസ് മികവ് പുലർത്തുന്നു. പെർഫോമൻസിൽ അൽപ്പം പിന്നിലാണ് എങ്കിലും മികച്ച 5ജി ഇന്റർനെറ്റ് വേഗത ആസ്വദിക്കാൻ അധികം പണം മുടക്കാതെ സ്വന്തമാക്കാവുന്ന സ്മാർട്ട്ഫോണാണ് റിയൽമി 11എക്സ് 5ജി. രണ്ട് ഫോണുകളുടെയും വിലയും സവിശേഷതകളും നോക്കാം.
റിയൽമി 11 5ജി സ്മാർട്ട്ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ബേസ് മോഡലിന് ഇന്ത്യയിൽ 18,999 രൂപയാണ് വില. ഫോണിന്റെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 19,999 രൂപ വിലയുണ്ട്. ഫ്ലിപ്പ്കാർട്ട്, റിയൽമി വെബ്സൈറ്റ് എന്നിവയിലൂടെയാണ് ഈ ഫോണിന്റെ വിൽപ്പന നടക്കുന്നത്. റിയൽമി 11 5ജിയുടെ ആദ്യ വിൽപ്പന ഓഗസ്റ്റ് 29ന് നടക്കും. ആദ്യ വിൽപ്പനയിൽ ഫോൺ വാങ്ങുന്ന ആളുകൾക്ക് റിയൽമി 1,500 രൂപ കിഴിവ് നൽകുന്നുണ്ട്. ഫോണിന്റെ പ്രീ-ബുക്കിംഗ് ഇന്ന് ആരംഭിക്കും. ബ്ലാക്ക്, ഗോൾഡ് കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമാകുന്നത്.
റിയൽമി 11എക്സ് 5ജി സ്മാർട്ട്ഫോണിന്റെ ബേസ് വേരിയന്റിൽ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമാണുള്ളത്. ഈ വേരിയന്റിന് 14,999 രൂപയാണ് വില. ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 15,999 രൂപ വിലയുണ്ട്. റിയൽമി 11എക്സ് 5ജിയുടെ ആദ്യ വിൽപ്പനയിൽ ഫോണിന് 1,000 രൂപ കിഴിവും റിയൽമി നൽകും. ഓഗസ്റ്റ് 25ന് നടക്കുന്ന പ്രത്യേക വാർഷിക വിൽപ്പനയിൽ കുറച്ച് സ്റ്റോക്കുകൾ വിൽപ്പനയ്ക്കെത്തും. ബ്ലാക്ക്, പർപ്പിൾ നിറങ്ങളിലാണ് ഈ ഡിവൈസ് ലഭ്യമാകുന്നത്.
റിയൽമി 11 5ജി, റിയൽമി 11എക്സ് 5ജി എന്നീ സ്മാർട്ട്ഫോണുകൾ റിയൽമി 11 പ്രോ സീരീസിന്റെ ടോൺ-ഡൗൺ വേരിയന്റുകളാണ്. റിയൽമി 11ൽ 6.72-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്പ്ലെയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമെൻസിറ്റി 6100+ 5ജി ചിപ്പ്സെറ്റാണ്. 5000mAh ബാറ്ററിയുമായി വരുന്ന ഈ ഫോണിൽ 67W ചാർജിങ് സപ്പോർട്ടും റിയൽമി നൽകിയിട്ടുണ്ട്. 2 മെഗാപിക്സൽ സെൻസറിനൊപ്പം 108 മെഗാപിക്സൽ പ്രൈമറി ക്യാമറയാണ് റിയൽമി 11 5ജിയിലുള്ളത്.16 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ട്.
റിയൽമി 11എക്സ് സ്മാർട്ട്ഫോണിന്റെ ഡിസ്പ്ലെ റിയൽമി 11 ഫോണിന് സമാനമാണ്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ക്യാമറയുമാണ് റിയൽമി 11എക്സിൽ ഉള്ളത്. മീഡിയടെക് ഡൈമെൻസിറ്റി 6100+ 5ജി തന്നെയാണ് ഫോണിലുള്ളത്. 5,000mAh ബാറ്ററിയുമായി വരുന്ന ഫോണിൽ 33W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടാണുള്ളത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, 8 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകൾ. രണ്ട് ഫോണുകളിലും ഡ്യുവൽ 5ജി സിം കാർഡ് സ്ലോട്ട്, വൈഫൈ 5, ബ്ലൂടൂത്ത് 5.2, എൻഎഫ്സി എന്നിവയുമുണ്ട്.