തിരുവനന്തപുരം: തലച്ചോറിലെ ധമനിവീക്കം (Anterior Cerebral Artery Aneurysm) ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്‌നോളജിയിലെ ന്യൂറോസര്‍ജറി വിഭാഗം ഡോക്ടര്‍മാര്‍ അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ പരിഹരിച്ചു. എസ്ടിഎ-എസിഎ (STA-ACA) ബൈപ്പാസ് സര്‍ജറി എന്ന് അറിയപ്പെടുന്ന ഈ ചികിത്സ രാജ്യത്ത് ആദ്യമായാണ് നടക്കുന്നത്.
തലച്ചോറിലുണ്ടാകുന്ന ധമനിവീക്കത്തിന് സാധാരണഗതിയില്‍ ചെയ്യുന്ന ചികിത്സകള്‍ സാധ്യമല്ലാത്ത അവസ്ഥയിലാണ് ജാര്‍ഖണ്ഡ് സ്വദേശിയായ രോഗിയെ വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ശ്രീചിത്രയില്‍ ചികിത്സ എത്തിച്ചത്. പരിശോധനകള്‍ക്ക് ശേഷം രക്തക്കുഴലില്‍ വീക്കമുള്ള ഭാഗത്തിന് തൊട്ടുമുന്നില്‍ വച്ച് ബൈപ്പാസ് ശസ്ത്രക്രിയയിലൂടെ രക്തത്തിന്റെ ഒഴുക്ക് തിരിച്ചുവിടുകയും വീക്കമുള്ള ഭാഗത്തിന്റെ രണ്ടറ്റത്തും ക്ലിപ്പുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഏതാണ്ട് 12 മണിക്കൂര്‍ കൊണ്ടാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലാം ദിവസം രോഗി ആശുപത്രി വിട്ടു.
എസ്ടിഎ-എസിഎ (STA-ACA) ബൈപ്പാസ് സര്‍ജറി ഇതിനുമുമ്പ് ലോകത്ത് അഞ്ച് കേന്ദ്രങ്ങളില്‍ മാത്രമാണ് ചെയ്തിട്ടുള്ളത്. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണ് ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് & ടെക്‌നോളജി.