കാൽനൂറ്റാണ്ടിനിടെ ആദ്യമായി പൂത്ത ഒരു പൂവ്. പക്ഷേ അടുത്തുചെന്ന് കാണണമെങ്കിൽ മൂക്കുപൊത്തേണ്ട അവസ്ഥ. നെതർലൻഡ്സിലെ ഒരു ബൊട്ടാണിക്കൽ ഗാർഡനിലാണ് വിചിത്ര പൂവ് വിരിഞ്ഞു നിൽക്കുന്നത്. 24 കൊല്ലത്തെ ഇടവേളയ്ക്കു ശേഷം വിരിഞ്ഞ പൂവിന് അഴുകിയ മാംസത്തിന്റ ഗന്ധമാണ്.
അമോർഫാലസ് ഡീകസ് സിൽവേ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ചെടിയുടെ പൂവാണ് ഇത്. എന്നാൽ ഈ ചെടിക്ക് രസകരമായ മറ്റൊരു പേര് കൂടിയുണ്ട്: പെനിസ് പ്ലാന്റ്. പുരുഷലിംഗത്തിന്റെ ആകൃതിയിലുള്ള പൂവായതിനാലാണ് ഇത്തരമൊരു വിളിപ്പേര് ചെടിക്ക് വീണുകിട്ടിയത്. ലെയ്‌ഡൻ ഹോർട്ടസ് ബൊട്ടാണിക്കസ് എന്ന ഗാർഡനിലാണ് ഒക്ടോബർ 19ന് പൂവ് വിരിഞ്ഞത്. യൂറോപ്പിൽ മൂന്നാമതായി വിരിഞ്ഞ പെനിസ് ചെടിയാണ് നെതർലൻഡ്സിലേത്.
ഇതിനു മുൻപ് 1997ലാണ് ലെയ്‌ഡൻ ഹോർട്ടസ് ബൊട്ടാണിക്കസിൽ പെനിസ് ചെടി പൂവിട്ടത്. പക്ഷേ അത് മറ്റൊരു ചെടിയിലായിരുന്നു എന്ന് മാത്രം. 2015ൽ നട്ടചെടിയിലാണ് ഇപ്പോൾ പൂവുണ്ടായിരിക്കുന്നത്. അപൂർവ ഇനത്തിൽപെട്ട ചെടിയായതിനാൽ കഴിഞ്ഞ ആറു വർഷക്കാലമായി ഗാർഡനിലെ ജോലിക്കാർ ചെടിയുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിരുന്നു. ചെടിക്ക് രണ്ട് മീറ്റർ ഉയരം എത്തിയശേഷമാണ് പൂവിടുന്നത്. പൂവിന് മാത്രം ഏതാണ്ട് അര മീറ്ററോളം ഉയരം ഉണ്ടാകും.
ഇന്തോനീഷ്യയിലെ ജാവ ദ്വീപാണ് പെനിസ് ചെടിയുടെ നാട്. അമോർഫാലസ് ഇനത്തിൽപ്പെട്ട ചെടികളെല്ലാം വർഷങ്ങളുടെ ഇടവേളകളിൽ പൂക്കുന്നവയാണ്. ഇവയുടെ പൂക്കളിൽ ഭൂരിഭാഗത്തിനും ദുർഗന്ധം തന്നെയാണ്. മനുഷ്യർക്ക് ഈ ഗന്ധം സഹിക്കാനാവില്ലെങ്കിലും പ്രാണികളെ ഇവ ധാരാളമായി ആകർഷിക്കാറുണ്ട്.