പ്രയാഗ്‌രാജ്: മരുമകളെ ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിക്ക് മുൻകൂർ ജാമ്യം നൽകി അലഹബാദ് ഹൈക്കോടതി. മരുമകളെ ബലാത്സംഗം ചെയ്യുന്നത് ഇന്ത്യൻ സംസ്കാരത്തിൽ അസ്വാഭാവികമാണെന്നും ആരോപണത്തിന്റെ സ്വഭാവവും കേസിന്റെ ഗൗരവവും കണക്കിലെടുത്തും പ്രതിക്ക് മുൻകൂർ ജാമ്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കി. മറ്റ് പ്രതികളോടൊപ്പം ചേർന്ന് സ്വന്തം മരുമകളെ ബലാത്സംഗം ചെയ്യുന്നത് ഇന്ത്യൻ സംസ്കാരത്തിൽ അസ്വാഭാവികമാണെന്നും കോടതി നിരീക്ഷിച്ചു. ഹാറൻപൂർ ജില്ലയിൽ നിന്നുള്ള പ്രതിക്കാണ് ജാമ്യം നൽകിയത്. ജസ്റ്റിസ് അജിത് സിങ്ങാണ് മുൻകൂർ ജാമ്യം ഹർജി പരിഗണിച്ചത് വിധി പറഞ്ഞത്.
ഒരാൾക്കെതിരെ തെറ്റായ ആരോപണം ഉന്നയിച്ചിരിക്കുകയാണ്. സമൂഹത്തിൽ പ്രതിയുടെ പ്രശസ്തിക്ക് മുറിവേൽപ്പിക്കുകയോ അപമാനിക്കുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരാതി. ഇത്തരം കേസുകളിൽ സുപ്രീം കോടതിയുടെ തീരുമാനങ്ങൾ കൂടി പരിഗണിച്ചാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്താൽ, ചില വ്യവസ്ഥകൾ പാലിച്ച് മുൻകൂർ ജാമ്യത്തിൽ വിട്ടയക്കണമെന്നും കോടതി ഉത്തരവിട്ടു.
സഹോദരന്റെ വീട്ടിൽ തനിച്ചായിരുന്നപ്പോൾ ഭർതൃപിതാവും സുഹൃത്തുക്കളും വീട്ടിലെത്തി തന്നെ ബലാത്സംഗം ചെയ്തെന്നാണ് യുവതിയുടെ പരാതി. മറ്റ് കൂട്ടുപ്രതികൾക്ക് നേരത്തെ തന്നെ മുൻകൂർ ജാമ്യം ലഭിച്ചിട്ടുണ്ടെന്ന് പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. കേസിൽ തുല്യമായ കുറ്റമാണ് അമ്മായിയപ്പനെതിരെയും ചുമത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ മുൻകൂർ ജാമ്യത്തിന് അർഹതയുണ്ടെന്ന വാദം കോടതി അംഗീകരിച്ചു. എപ്പോൾ വേണമെങ്കിലും പോലീസ് അറസ്റ്റ് ചെയ്യപ്പെടുമെന്ന് ആശങ്കയുണ്ടെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.