ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ ഹാത്രാസില്‍ നാല് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം ഉത്തര്‍പ്രദേശ് പൊലീസ് സംസ്‌കരിച്ചു. ശക്തമായ പ്രതിഷേധം വകവയ്ക്കാതെ 19 കാരിയായ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ പൊലീസ് ബലമായി നിര്‍വഹിച്ചുവെന്ന് യുവതിയുടെ കുടുംബം പറഞ്ഞു. ഇരയുടെ മൃതദേഹം അവസാനമായി വീട്ടിലേക്ക് കൊണ്ടുവരാന്‍ പൊലീസ് അനുവദിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
ചൊവ്വാഴ്ച ഉത്തര്‍പ്രദേശ് പോലീസ് അവരുടെ അനുമതിയില്ലാതെ മൃതദേഹം ഹാത്രാസിലേക്ക് കൊണ്ടുപോയതായി ആരോപിച്ച് കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവും സഹോദരനും സഫദര്‍ജംഗ് ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു.
കോണ്‍ഗ്രസിലെയും ഭീം ആര്‍മിയിലെയും പ്രവര്‍ത്തകര്‍ പിന്നീട് യുവതിയുടെ കുടുംബാംഗങ്ങളുമായി ചേര്‍ന്ന് ആശുപത്രിയില്‍ വന്‍ പ്രതിഷേധം നടത്തി. ഇതേതുടര്‍ന്ന് ദില്ലി പൊലീസിനെ ആശുപത്രിയില്‍ സുരക്ഷ ഏര്‍പ്പെടുത്താന്‍ വിന്യസിപ്പിച്ചു.
19 കാരിയായ യുവതിയെ രണ്ടാഴ്ച മുമ്പാണ് ഹാത്രാസ് ജില്ലയിലെ ഗ്രാമത്തില്‍ നാല് പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ഒന്നിലധികം ഒടിവുകളോടെ യുവതി ഗുരുതരാവസ്ഥയിലായിരുന്നു, നാവ് മുറിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സെപ്റ്റംബര്‍ 14 ന് ദില്ലിയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയുള്ള ഹാത്രാസിലെ ഗ്രാമത്തിലാണ് യുവതിയെ ആക്രമിച്ചത്. കുടുംബത്തോടൊപ്പം പുല്ല് വെട്ടിക്കൊണ്ടിരുന്ന യുവതിയെ ദുപ്പട്ട കഴുത്തില്‍ ചുറ്റി വയലിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് മനസിലാക്കിയ അമ്മ തെരച്ചില്‍ നടത്തിയതോടെയാണ് അതീവ ഗുരുതരാവസ്ഥയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് യുവതിയെ എ.എം.യുവിന്റെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റി. പീഡന ശ്രമത്തെ ചെറുക്കാന്‍ ശ്രമിച്ചതിന് പ്രതി യുവതിയുടെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ നാവില്‍ കടിക്കുകയും മുറിവേല്‍പ്പിക്കുകയും ചെയ്തു.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ ദില്ലിയിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെയാണ് എയിംസിലേക്ക് റഫര്‍ ചെയ്തത്. തങ്ങളെ സഹായിക്കാന്‍ യുപി പോലീസ് ഒന്നും ചെയ്തില്ലെന്നും അക്രമികള്‍ക്കെതിരെ നടപടിയൊന്നും എടുത്തില്ലെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.