ന്യൂഡല്‍ഹി: സോളാര്‍ പീഡന പരാതിയില്‍ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാലിനെ സിബിഐ ചോദ്യംചെയ്തു. ഡല്‍ഹിയില്‍ വെച്ചാണ് ചോദ്യംചെയ്യല്‍ നടന്നത്.
2012 മെയ്മാസമാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പരാതിക്കാരി സി.ബി.ഐക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. അന്ന് ടൂറിസം മന്ത്രിയായിരുന്ന എ.പി അനില്‍കുമാറിന്റെ വസതിയില്‍വെച്ച് പരാതിക്കാരിയെ കെ.സി വേണുഗോപാല്‍ പീഡിപ്പിച്ചുവെന്നാണ് പരാതി.
കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുകയും കഴിഞ്ഞ പിണറായി സര്‍ക്കാര്‍ ക്രൈംബ്രാഞ്ചില്‍ നിന്ന് കേസ് സിബിഐക്ക് കൈമാറുകയുമായിരുന്നു. ഏതാണ്ട് എട്ട് മാസത്തോളമായി കേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചിട്ട്. തിരുവനന്തപുരത്തുവെച്ചാണ് ആദ്യം ചോദ്യംചെയ്യാന്‍ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് ദില്ലിയിലേക്ക് മാറ്റുകയായിരുന്നു. അതിന് ശേഷം കഴിഞ്ഞ ദിവസമാണ് കെ.സി വേണുഗോപാലിനെ ചോദ്യംചെയ്തത്.
പരാതിയില്‍ മൂന്ന് തവണ കെ.സി വേണുഗോപാലിനെ ചോദ്യംചെയ്തിരുന്നു. തുടര്‍ന്ന് ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി സി.ബി.ഐക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചോദ്യംചെയ്യല്‍.