കൊച്ചി: തനിക്കെതിരായ പീഡന പരാതി വ്യാജമെന്ന പൊലീസ് കണ്ടെത്തലില്‍ സന്തോഷമെന്ന് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍. ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ആളാണ് പരാതിക്കാരി. പേരും വയസും ഉള്‍പ്പടെ തെറ്റായ വിവരങ്ങളാണ് പരാതിക്കാരി പൊലീസിനോട് പറഞ്ഞതെന്നും ബാലചന്ദ്ര കുമാര്‍ പ്രതികരിച്ചു.
ജീവിതത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത പാവപ്പെട്ട ഒരു സ്ത്രീയെ വാടകയ്ക്ക് എടുത്ത്, അവര്‍ക്ക് കാശ് നല്‍കിയാണ് വ്യാജ പരാതി നല്‍കിയത്. പൊലീസ് വിശദമായ അന്വേഷണം നടത്തിയാണ് പരാതി വ്യാജമെന്ന് കണ്ടെത്തിയത്. 40ഓളം പേജുള്ള റിപ്പോര്‍ട്ടില്‍ തെളിവുകള്‍ കൃത്യമായി പറയുന്നുണ്ടെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
‘പരാതിക്കാരിയുടെ വിലാസം വ്യാജമായാണ് നല്‍കിയിരിക്കുന്നത്, 44 വയസെന്ന് പറയുന്നു പക്ഷെ അവര്‍ 58 വയസുള്ളയാളാണ്. അവര്‍ക്കിത് എങ്ങനെ ചെയ്യാന്‍ തോന്നി എന്നത് തന്നെ അതിശയം തോന്നുന്നു. പൊലീസിനോട് പേരും തെറ്റിച്ചാണ് പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട് വായിച്ചതില്‍ നിന്നും മനസിലായത്. അത് വായിക്കുമ്പോള്‍ ഇങ്ങനെയും മനുഷ്യരുണ്ടോ എന്നാണ് അതിശയം തോന്നിയത്. എന്തായാലും റിപ്പോര്‍ട്ട് കിട്ടിയതില്‍ വളരെ സന്തോഷമുണ്ട്. അടുത്ത നടപടിക്ക് വേണ്ടിയുള്ള ചര്‍ച്ചയിലാണ്’, ബാലചന്ദ്ര കുമാര്‍ കൂട്ടിച്ചേര്‍ത്തു.
ബാലചന്ദ്ര കുമാറിനെതിരെയുള്ള പീഡന പരാതി വ്യാജമാണെന്നും പരാതിക്ക് പിന്നില്‍ ദിലീപും സംഘവുമാണെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിക്കെതിരെ കേസെടുത്തിട്ടുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് എതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയതിലുള്ള വൈരാഗ്യമാണ് വ്യാജ പരാതിക്ക് പിന്നിലെന്നും തലശ്ശേരി സ്വദേശിയായ യുവതിക്ക് ദിലീപും സംഘവും പണം നല്‍കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പരാതിക്കാരി ആത്മഹത്യപ്രേരണ കേസിലെ പ്രതിയുമാണ്.
നിലവില്‍ പരാതിക്കാരി ഒളിവിലാണ്. ഇവരുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണെന്നും താമസ സ്ഥലത്തും നേരത്തെ ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും പരാതിക്കാരിയെ കണ്ടെത്താനായില്ലെന്നും അന്വേഷണ സംഘം ആലുവ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലചന്ദ്ര കുമാറിനെതിരെ ദിലീപും സംഘവും നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് വ്യാജ പരാതി സൃഷ്ടിച്ചതെന്നുമാണ് പ്രത്യേക പൊലീസ് സംഘം കണ്ടെത്തിയത്