കാമുകിക്കൊപ്പം ജീവിക്കാന്‍ ഭര്‍ത്താവ് സുഹൃത്തിനെക്കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിപ്പിച്ചു
റാഞ്ചി: കാമുകിക്കൊപ്പം ജീവിക്കാന്‍ ഭാര്യയില്‍ നിന്ന് വിവാഹ മോചനം നേടാന്‍ ഭര്‍ത്താവ് സുഹൃത്തിനെക്കൊണ്ട് ഭാര്യയെ ബലാത്സംഗം ചെയ്യിച്ചു. ചത്തീസ്ഗഡിലെ കവാര്‍ധയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. തുടര്‍ന്ന് യുവതി ഭര്‍ത്താവ് കൈലേന്ദ്ര സാഹുവിനെതിരെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. അമ്പത് രൂപയുടെ രണ്ട് മുദ്ര പത്രങ്ങളില്‍ ഭര്‍ത്താവ് തന്നെ ഭീഷണിപ്പെടുത്തി ഒപ്പിടീച്ചതായും യുവതി പോലീസിനോട് പറഞ്ഞു. ഒന്ന് വിവാഹമോചനം നടത്തിയെന്നുള്ളതും മറ്റൊന്ന് യുവതിയെ ബലാത്സംഗം ചെയ്ത സുഹൃത്ത് വിവാഹം ചെയ്തതായുള്ള കരാറുമായിരിന്നു.
കൈലേന്ദ്ര സാഹു നാല്‍പ്പത് ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതിയെ വിവാഹം കഴിച്ചത്. കഴിഞ്ഞ ദിവസം ആധാര്‍ കാര്‍ഡ് ശരിയാക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയെ വീട്ടില്‍ നിന്നും സമീപമുള്ള നഗരത്തിലേക്ക് കൂട്ടിക്കൊണ്ട് പോയി. നഗരത്തിലെ ഹോട്ടലില്‍ വെച്ച് രണ്ട് മുദ്രപത്രങ്ങള്‍ യുവതിയെ കൊണ്ട് കൈലേന്ദ്ര ഒപ്പിടീപ്പിച്ചു. ഇതേ സമയത്ത് കൈലേന്ദ്രയുടെ സുഹൃത്ത് കമലേഷും ഹോട്ടലില്‍ ഉണ്ടായിരുന്നു. താന്‍ ഇപ്പോള്‍ വരാമെന്ന് പറഞ്ഞ് കൈലേന്ദ്ര പുറത്ത് പോവുകയും ഈ സമയം സുഹൃത്ത് യുവതിയെ ബലാത്സംഗം ചെയ്യുകയുമായിരിന്നു.
തുടര്‍ന്ന് കൈലേന്ദ്ര യുവതിയെ യുവതിയുടെ വീട്ടില്‍ കൊണ്ടെയാക്കി. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം പീഡിപ്പിച്ച യുവാവ് യുവതിയുടെ വീട്ടിലെത്തി തന്റെ ഭാര്യയാണെന്ന് അവകാശപ്പെടുകയും ഉടമ്പടി കരാര്‍ വീട്ടുകാരെ കാണിക്കുകയും ചെയ്തതോടെയാണ് വിവരങ്ങള്‍ പുറത്തറിയുന്നത്. സംഭവത്തിന് ഭാര്യയുടെ പേരില്‍ അസാന്മാര്‍ഗികത ആരോപിക്കുകയും ഇവളോടൊപ്പം ജീവിക്കാന്‍ കഴിയില്ലെന്നും ഭര്‍ത്താവ് സമീപ വാസികളോട് പറഞ്ഞു. സുഹൃത്തിനൊപ്പം പലയിടങ്ങളില്‍ വെച്ച് ഭാര്യയെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതായും ഭര്‍ത്താവ് ഇവരോട് പറഞ്ഞു.
എന്നാല്‍ ഇതിന് പിന്നാലെ സുഹൃത്ത് സത്യാവസ്ഥ നാട്ടുകാരെ അറിയിക്കുകയായിരുന്നു. കാമുകിയെ വിവാഹം കഴിക്കുന്നതിനായി ഇയാള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുവതിയോട് അപമര്യാദയായി പെരുമാറിയതെന്ന് സുഹൃത്ത് പറഞ്ഞു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു.