മുംബൈ:ഈയടുത്തായി ബോളിവുഡ് സിനിമകൾക്കെതിരെ ബോയ്‌കോട്ട് ക്യാംപെയ്‌നുകൾ ശക്തമാവുകയാണ്. ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ആമിർ ഖാൻ ചിത്രവും അക്ഷയ് കുമാർ ചിത്രവും ബഹിഷ്‌കരണ ഭീഷണി നേരിട്ടിരുന്നു. ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ഈ ഗുരുതര പ്രശ്നം ബാധിച്ചിരിക്കുന്നത് രൺബീർ കപൂർ നായകനാകുന്ന ‘ബ്രഹ്മാസ്‌ത്ര’യെയാണ്.
തന്റെ ഇഷ്ടപ്പെട്ട ഭക്ഷണത്തെക്കുറിച്ച് രൺബീർ പറയുന്ന പഴയ ഒരു വീഡിയോയാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇഷ്ടഭക്ഷണങ്ങൾ എന്തെല്ലാമാണെന്ന അവതാരകന്റെ ചോദ്യത്തിന് റെഡ് മീറ്റ് വളരെ ഇഷ്ടമാണെന്നും ബീഫിന്റെ ആരാധകനാണ് താനെന്നും രൺബീർ പറയുന്നുണ്ട്. ഈ വീഡിയോ പ്രചരിപ്പിച്ച് കൊണ്ടാണ് ബ്രഹ്മാസ്ത്രയ്‌ക്കെതിരെ ഹാഷ്ടാഗ് ക്യാംപെയിൻ നടക്കുന്നത്.
‘ബോയ്കോട്ട് ബ്രഹ്മാസ്ത്ര’ എന്ന ഹാഷ്ടാഗോടെയാണ് ക്യാംപെയ്ൻ. 11 വർഷങ്ങൾക്ക് മുമ്പ് ‘റോക്ക്സ്റ്റാർ’ എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ ഇന്റർവ്യൂ ആണിത്. ബ്രഹ്മാസ്ത്രയിലെ ശിവ യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെയാണെന്ന് ചിലർ പറയുന്നു.
Shiva of #Brahmastra in real life.#BoycottBrahmastra pic.twitter.com/JR1w6zzav7
— Kreately.in (@KreatelyMedia) August 28, 2022
ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ കെൽപ്പുള്ള ബോളിവുഡ് ചിത്രമാണ് ‘ബ്രഹ്‌മാസ്‌ത്ര പാർട്ട് വൺ: ശിവ’. രൺബീർ കപൂർ, അമിതാഭ് ബച്ചൻ, ആലിയ ഭട്ട്, നാഗാർജുന എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അയൻ മുഖർജി ഒരുക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം മൂന്ന് ഭാഗങ്ങളായിട്ടാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ദക്ഷിണേന്ത്യൻ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ എസ്.എസ്. രാജമൗലിയാണ്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ രാജമൗലി ഈ ചിത്രം തിയറ്ററുകളിലെത്തിക്കും.
കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്‌ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, പ്രൈം ഫോക്കസ്, സ്റ്റാർലൈറ്റ് പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2022 സെപ്തംബർ ഒൻപതിന് ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും.