KeralaNews

‘പൊതിച്ചോര്‍ മാതൃകയാക്കണം’; ഡിവൈഎഫ്ഐയെ പുകഴ്ത്തി ചെന്നിത്തല, നന്ദി പറഞ്ഞ് റഹിം

കാസർകോട്: യൂത്ത് കോണ്‍ഗ്രസ് വേദിയില്‍ ഡിവൈഎഫ്ഐയെ പുകഴ്ത്തി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോവിഡ് കാലത്ത് നാട്ടില്‍ സജീവമായത് ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും ഡിവൈഎഫ്ഐയുടെ പൊതിച്ചോര്‍ വിതരണം ചെയ്യുന്ന ‘ഹൃദയപൂർവം’ പദ്ധതി മാതൃകയാക്കണമെന്നും ചെന്നിത്തല യൂത്ത് കോണ്‍ഗ്രസിന്റെ കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ പറഞ്ഞു. 

കോവിഡ് കാലത്ത് യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കെയറില്‍ ‘കെയര്‍’ ഉണ്ടായില്ലെന്നും അദ്ദേഹം പരിഹസിച്ചു. പുതിയ ചെറുപ്പക്കാരെ ആകർഷിക്കാൻ ധാരാളം പ്രവർത്തനങ്ങൾ നമുക്ക് ചെയ്യാനുണ്ട്. ജനങ്ങൾക്ക് ആവശ്യമായ പ്രവർത്തനങ്ങൾ. ഒരോ പ്രദേശങ്ങളിലും യൂത്ത് കോൺഗ്രസുകാർ സന്നധ സേവകരെപ്പോലെ പ്രവർത്തനം നടത്തി അവരെ കോൺഗ്രസിന് അനുകൂലമാക്കി മാറ്റുകയാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

ഡിവൈഎഫ്ഐയുടെ പദ്ധതിയെ പുകഴ്ത്തുന്ന ചെന്നിത്തലയുടെ വിഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ച ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ.റഹിം അദ്ദേഹത്തിന് നന്ദിയും അറിയിച്ചു.

റഹിമിന്റെ ഫെയ്സ്ബുക് പോസ്റ്റ് ഇങ്ങനെ:

ഓരോ യുവജന സംഘടനയ്ക്കും അവരുടേതായ ഉത്തരവാദിത്തങ്ങൾ നിർവഹിക്കാനുണ്ട്. യുവത്വത്തെ ആവേശഭരിതമാക്കാനും രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കാനുമുള്ള മഹത്തായ പോരാട്ടത്തിൽ അവരെ അണിനിരത്താനും ഇന്ന് ചരിത്രപരമായ ബാധ്യതയുണ്ട്. ചെറുപ്പത്തെ പരമാവധി രാഷ്ട്രീയ പ്രബുദ്ധമാക്കാനും അവരിലെ സാമൂഹ്യപ്രതിബദ്ധത വളർത്താനും ഓരോ യുവജന സംഘടനയും നിരന്തരം ശ്രമിക്കേണ്ടതുണ്ട്.

ഡിവൈഎഫ്ഐയുടെ പ്രധാന പരിഗണന മേൽപറഞ്ഞ കാര്യങ്ങളിലാണ്. സ്നേഹവും കരുതലും സാന്ത്വനവുമായി,സാമൂഹ്യ പ്രതിബദ്ധതയുടെ, നന്മയുടെ അടയാളമായി ഡിവൈഎഫ്ഐ, നിസ്വാർഥവും ത്യാഗനിർഭരവുമായ അതിന്റെ യാത്ര തുടരുന്നു.

മറ്റ് യുവജന സംഘടനകളും ഇത്തരം സാമൂഹ്യമായ കടമകൾ ഡിവൈഎഫ്‌ഐയെപ്പോലെതന്നെ നിർവഹിച്ചാൽ സമൂഹത്തിൽ അത് വലിയ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കും. ഉയർന്ന പുരോഗമന രാഷ്ട്രീയ മൂല്യങ്ങൾ പിന്തുടരാതെ അത് സാധ്യവുമാവില്ല.  രമേശ് ചെന്നിത്തലയുടെ ഡിവൈഎഫ്ഐയെ കുറിച്ചുള്ള നല്ല വാക്കുകൾക്ക് നന്ദി. നേരത്തെ കെ.സുധാകരനും സമാന സ്വഭാവമുള്ള തുറന്നു പറച്ചിൽ നടത്തിയിട്ടുണ്ട്. നിസ്വാർഥമായി നല്ല കാര്യങ്ങൾ ചെയ്യാൻ യൂത്ത് കോൺഗ്രസ്സിനും സാധിക്കട്ടെ എന്ന് ഹൃദയപൂർവം ആശംസിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button