കോഴിക്കോട്: പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരുമെന്നറിയുന്നു. കോൺഗ്രസിലെ 21 എം.എൽ.എമാരിൽ 19 പേരുടെ പിന്തുണയും ചെന്നിത്തലയ്ക്കാണെന്ന വ്യക്തമായ സന്ദേശമാണ് കേരളത്തിലെത്തിയ ഹൈക്കമാൻഡ് പ്രതിനിധികളായ മല്ലികാർജുൻ ഖാർഗെയ്ക്കും വൈദ്യലിംഗത്തിനും ലഭിച്ചതാണെന്നാണ് അറിയുന്നത്.
ചൊവ്വാഴ്ച ഇവർ രണ്ടുപേരും കോൺഗ്രസ് എം.എൽ.എമാരുമായി വിശദമായി സംസാരിച്ചിരുന്നു. വി.ഡി. സതീശൻ പ്രതിപക്ഷ നേതാവാകണമെന്ന നിലപാടിനെ അനുകൂലിക്കാൻ പേരാവൂർ എം.എൽ.എ. സണ്ണി ജോസഫ് മാത്രമാണ് മുന്നോട്ടു വന്നതെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
കഴിഞ്ഞ അഞ്ചുവർഷവും പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല നടത്തിയ പോരാട്ടം കാണാതിരിക്കരുത് എന്ന കാഴ്ചപ്പാടാണ് എ ഗ്രൂപ്പ് എം.എൽ.എമാരും മുന്നോട്ടു വെച്ചതെന്നറിയുന്നു.
നിയമസഭാകക്ഷി നേതൃസ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി ഹൈക്കാമാൻഡ് പ്രതിനിധികളെ ധരിപ്പിച്ചതായും സൂചനയുണ്ട്. ഘടകകക്ഷി നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും പിന്തുണ നൽകിയതും ചെന്നിത്തലയ്ക്ക് ഗുണകരമായി.
സർക്കാരിന്റെ അഴിമതികൾ എണ്ണിയെണ്ണി പുറത്ത് കൊണ്ടുവന്ന രമേശ് ചെന്നിത്തലയെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരിൽ ഒറ്റപ്പെടുത്തരുത് എന്നാണ് ഹൈക്കാമാൻഡ് പ്രതിനിധികളായ മല്ലികാർജ്ജുന ഖാർഗേ, വി. വൈദ്യലിംഗം എന്നിവരോട് കോൺഗ്രസ് എം.എൽ.എമാരിൽ ഭൂരിപക്ഷവും അറിയിച്ചത്.
നേരിട്ട് എത്താതിരുന്ന ഷാഫി പറമ്പിൽ എം.എൽ.എ. ഹൈക്കാമാൻഡ് പ്രതിനിധികളെ ഫോണിൽ വിളിച്ചാണ് രമേശ് ചെന്നിത്തലക്ക് പിന്തുണ അറിയിച്ചതെന്നാണ് വിവരം. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല തുടരുമെന്ന പ്രഖ്യാപനം ഔദ്യോഗികമായി ഡൽഹിയിൽ നിന്നും അടുത്തദിവസം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു.