ആലപ്പുഴ:നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയേണ്ടി വന്നെങ്കിലും താൻ മുഖ്യമന്ത്രിയാകാനുള്ള ശ്രമം തുടരുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്റെ നിയോജക മണ്ഡലമായ ഹരിപ്പാട് സ്കൂൾ കുട്ടികളുമായി സംവദിച്ച ചടങ്ങിലാണ് ചെന്നിത്തല തന്റെ മനസ് തുറന്നത്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
‘കേരള സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ചയാളാണ് താൻ. മുഖ്യമന്ത്രി ആകാനുള്ള ശ്രമം തുടരുകയാണ്. ഒരു തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടത് കൊണ്ട് ശ്രമം അവസാനിപ്പിക്കില്ല. ലക്ഷ്യം കണ്ടില്ലെങ്കിലും അതിന് വേണ്ടി ശ്രമം തുടരുകയാണ്. ഒരിക്കൽ ആ ലക്ഷ്യം താൻ നേടും,’- എന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് ഇടപെട്ട് പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു. കേരളത്തിലെ ഗ്രൂപ്പുകളെ ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള നീക്കത്തിനൊടുവിൽ കെപിസിസി അധ്യക്ഷനായി കെ സുധാകരനെയും പ്രതിപക്ഷ നേതാവായി വിഡി സതീശനെയും നിയമിച്ചു.
പിന്നീടിങ്ങോട്ട് കേരളത്തിലെ കോൺഗ്രസ് പാർട്ടിക്കകത്ത് പടലപ്പിണക്കം ശക്തമാവുന്നതാണ് കണ്ടത്. കഴിഞ്ഞ ദിവസം പാർട്ടി ചുമതലകളെല്ലാം ഒഴിഞ്ഞ് ചെന്നിത്തല തന്റെ പ്രതിഷേധം ഒന്നുകൂടി പരോക്ഷമായി വെളിപ്പെടുത്തിയിരുന്നു.