തിരുവനന്തപുരം: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ചെന്നിത്തല മനസ് തുറന്നത്.
മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കില്ല. ഇപ്പോള്‍ തന്റെ ദൗത്യം യുഡിഎഫിനെ ഭരണത്തില്‍ എത്തിക്കുക എന്നതാണ്. മുഖ്യമന്ത്രി ആരെന്ന് പിന്നീട് ചര്‍ച്ച ചെയ്തു തീരുമാനിക്കും. പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ആകുമോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാവായിരിക്കും മുഖ്യമന്ത്രി എന്നാണ് ചെന്നിത്തല മറുപടി നല്‍കിയത്.
രണ്ടര വര്‍ഷം ഒരു സ്ഥാനവുമില്ലാതെ മാറി നിന്നയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സ്ഥാനം കിട്ടിയില്ലെങ്കില്‍ പരാതിയോ പരിഭവമോ പ്രകടിപ്പിക്കുന്ന ആളല്ല താന്‍. തനിക്ക് പാര്‍ട്ടിയാണ് വലുത്, മുന്നണിയാണ് വലുത്, ജനങ്ങളാണ് വലുതെന്നും ചെന്നിത്തല പറഞ്ഞു.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി ആയാലും പ്രശ്‌നമില്ലേ എന്ന് ചോദ്യത്തിന് ആര് മുഖ്യമന്ത്രി ആയാലും പ്രശ്‌നമില്ലെന്നും പ്രതിപക്ഷ നേതാവ് മറുപടി നല്‍കി.