31.7 C
Kottayam
Thursday, April 25, 2024

മന്ത്രിസഭാ പുനഃ സംഘടനയില്‍ തഴഞ്ഞു; രാജ്‌നാഥ് സിംഗ് രാജി ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്

Must read

ന്യൂഡല്‍ഹി: രണ്ടാം മോദി മന്ത്രിസഭയുടെ തുടക്കത്തിലെ പൊട്ടിത്തെറി. മന്ത്രിസഭാ പുനഃ സംഘടനകളുടെ പ്രധാന സമിതികളില്‍ നിന്ന് തഴഞ്ഞതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായ രാജ്‌നാഥ് സിംഗ് രാജി ഭീഷണി മുഴക്കിയതായി റിപ്പോര്‍ട്ട്. രാജ്‌നാഥ് സിംഗിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വിവാദങ്ങള്‍ ഒഴിവാക്കാന്‍ നാല് പ്രധാന ഉപസമിതികളില്‍ക്കൂടി അദ്ദേഹത്തെ അംഗമാക്കി കേന്ദ്രസര്‍ക്കാര്‍ നേരത്തേ ഇറക്കിയ വിജ്ഞാപനം തിരുത്തുകയായിരിന്നു. എട്ട് മന്ത്രിസഭാ സമിതികളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് രാജ്‌നാഥ് സിംഗിനെ അംഗമാക്കിയിരുന്നത്. ഇതില്‍ പ്രതിഷേധിച്ച് രാജ്‌നാഥ് സിംഗ് രാജിക്കൊരുങ്ങിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

സുരക്ഷ, സാമ്പത്തികകാര്യ സമിതികളില്‍ മാത്രമാണ് രാജ്‌നാഥ് സിംഗിനെ ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്. രാവിലെ പുറത്തിറക്കിയ പട്ടികയില്‍ സുപ്രധാനമായ രാഷ്ട്രീയകാര്യ സമിതിയില്‍പ്പോലും രാജ്‌നാഥിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍, രാത്രി അദ്ദേഹത്തെ ആറു സമിതികളില്‍ അംഗമാക്കി. പാര്‍ലമെന്ററികാര്യം, രാഷ്ട്രീയകാര്യം, നിക്ഷേപം, തൊഴില്‍-നൈപുണ്യ വികസനം എന്നീ സമിതികളിലാണ് രാത്രി ഉള്‍പ്പെടുത്തിയത്. ഒരു സമിതിയുടെ അധ്യക്ഷ സ്ഥാനവും നല്‍കി.

രാജ്‌നാഥ് സിംഗ് രാജിസന്നദ്ധ അറിയിച്ചിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും പിന്നീട് പാര്‍ട്ടി അത് തള്ളുകയായിരിന്നു. മന്ത്രിമാരുടെ പട്ടികയില്‍ പ്രധാനമന്ത്രിക്കുശേഷം രണ്ടാമനായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണുള്ളതെങ്കിലും സര്‍ക്കാരിലെ യഥാര്‍ഥ രണ്ടാമന്‍ ഷായാണെന്ന് വ്യക്തമാക്കുന്നവിധത്തിലായിരുന്നു സമിതികളുടെ ഘടന. ഷായ്ക്ക് കേന്ദ്രമന്ത്രിസഭയുടെ എട്ട് ഉപസമിതികളില്‍ അംഗത്വവും അതില്‍ രണ്ടെണ്ണത്തില്‍ അധ്യക്ഷസ്ഥാനവുമുണ്ട്.

കഴിഞ്ഞ തവണ ആഭ്യന്തരമന്ത്രിയായ രാജ്‌നാഥ് സിംഗിന് ഇത്തവണ പ്രതിരോധവകുപ്പാണ് നല്‍കിയത്. ഗുജറാത്തിലേതെന്ന പോലെ മോദി താക്കോല്‍സ്ഥാനത്തിരുന്നപ്പോള്‍ അമിത് ഷാ ആഭ്യന്തരമന്ത്രിയായി. മന്ത്രിസഭയില്‍ പ്രോട്ടോക്കോള്‍ പ്രകാരം രണ്ടാമനായ തന്നെ രാഷ്ട്രീയകാര്യസമിതിയും പാര്‍ലമെന്ററി കാര്യസമിതിയും പോലുള്ള സുപ്രധാന സമിതികളില്‍ നിന്ന് ഒഴിവാക്കിയതില്‍ രാജ്‌നാഥ് സിംഗിന് കടുത്ത അതൃപ്തിയുണ്ടായിരുന്നെന്നാണ് സൂചന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week