KeralaNews

‘കേരളീയം’ സമാപന വേദിയില്‍ ബിജെപി നേതാവ് ഒ രാജഗോപാല്‍; പ്രത്യേകം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം പരിപാടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിലാണ് ഒ രാജഗോപാൽ പങ്കെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഒ രാജഗോപാലിനെ സ്വാഗതം ചെയ്തപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടുത്തെത്തി ഹസ്തദാനം നൽകി. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനടക്കം കേരളീയത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് പാർട്ടിയുടെ മുതിർന്ന നേതാവിന്റെ സാന്നിധ്യം പരിപാടിയിൽ ഉണ്ടായിരിക്കുന്നത്.

ഏഴുനാൾ നീണ്ടുനിന്ന കേരളീയത്തിന് ഇന്ന് കൊടിയിറങ്ങുകയാണ്. കേരളപ്പിറവി ദിനത്തിൽ തുടക്കം കുറിച്ച മഹോത്സവത്തിന്റെ ഭാഗമാകാൻ നഗരവീഥികളിലേക്ക് ഇടവേളകളില്ലാതെ ജനക്കൂട്ടം ഒഴുകിയെത്തിയിരുന്നു. കേരളീയത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറുകളിൽ ഉയർന്ന നവകേരളത്തിനായുള്ള പുത്തൻ ആശയങ്ങളുടെ അവതരണത്തോടെയാണ് കേരളീയം സമാപിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

ദേശീയതലത്തിലും അന്താരാഷ്ട്ര തലത്തിലും എണ്ണപ്പെടുന്ന ഒരു മഹോത്സവമായി കേരളീയം മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പറഞ്ഞു. പരിപാടിയെ ജനം നെഞ്ചേറ്റി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവർ കാലാവസ്ഥ പോലും വകവെക്കാതെ പരിപാടികളിൽ പങ്കെടുത്തു. കേരളീയം വൻ വിജയമാക്കിയത് ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

കേരളീയത്തിനെതിരെ പ്രതിപക്ഷമടക്കം ഉന്നയിച്ച വിമർശത്തിനും മുഖ്യമന്ത്രി മറുപടി നൽകി. നമ്മുടെ നാട്ടിൽ ഇത്തരത്തിലുള്ള പരിപാടികൾ അവതരിപ്പിക്കപ്പെട്ടുകൂടാ എന്ന ചിന്തയാണ്. ഇനിയങ്ങോട്ട് എല്ലാ വർഷവും കേരളീയം ആചരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം കേരളീയം ധൂർത്താണെന്ന വാദമാണമാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അടക്കം ഉന്നയിക്കുന്നത്. ദാരിദ്ര്യം മറയ്ക്കാൻ പട്ടുകോണകം പുരപ്പുറത്ത് ഉണക്കാൻ ഇട്ടിരിക്കുന്നതു പോലെയാണ് സംസ്ഥാന സർക്കാർ കേരളീയം പരിപാടി നടത്തുന്നതെന്നാണ് പ്രതിപക്ഷ നേതാവ് പരിഹസിച്ചത്. കേരളീയം പാർട്ടിക്കാർക്ക് കൈയിട്ട് വാരാനുള്ള ചക്കരഭരണിയാണെന്നായിരുന്നു കെപിപിസിസി പ്രസിഡൻ്റ് കെ സുധാകരൻ്റെ വിമർശനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker