കൊച്ചി:തമിഴ്‌നാട്ടിൽ ഏറ്റവും കൂടുതൽ നികുതി അടയ്ക്കുന്ന വ്യക്തിയായി നടൻ രജനികാന്ത് (Rajinikanth). ഇൻകം ടാക്സ് ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് നൽകി നടനെ ആദരിച്ചു. രജനികാന്തിന് പകരം മകൾ ഐശ്വര്യയാണ് സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്.
‘ഉയർന്ന നികുതിദായകന്റെ മകൾ എന്നതിൽ അഭിമാനിക്കുന്നു. അപ്പയെ ആദരിച്ചതിന് തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും ആദായനികുതി വകുപ്പിന് ഒരുപാട് നന്ദി’,എന്നാണ് ഐശ്വര്യ ചിത്രങ്ങൾ പങ്കുവച്ച് ട്വീറ്റ് ചെയ്തത്. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ആയിരുന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ചത്. തമിഴ് സിനിമാ മേഖലയിൽ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനും രജനികാന്ത് ആണ്.
അതേസമയം, ജയിലർ എന്ന ചിത്രമാണ് രജനികാന്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. കോലമാവ് കോകില, ഡോക്ടര്‍, ബീസ്റ്റ് എന്നിവ ഒരുക്കിയ നെല്‍സണിന്‍റെ കരിയറിലെ നാലാം ചിത്രമാണിത്. ഹൈദരാബാദിലെ രാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്‍റെ സെറ്റ് നിര്‍മ്മാണം പുരോഗമിക്കുന്നത്. രജനീകാന്തിന്‍റെ കഴിഞ്ഞ ചിത്രം അണ്ണാത്തെയുടെ പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചതും രാമോജിയില്‍ ആയിരുന്നു. ഇതേപോലെ ജയിലറിന്‍റെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണവും അവിടെയായിരുന്നു.
ഓഗസ്റ്റ് രണ്ടാം വാരത്തോടെയാവും ചിത്രീകരണം തുടങ്ങുക. അതേസമയം ചിത്രത്തിന്‍റെ തിരക്കഥ ലോക്ക് ചെയ്യുന്നതിനു മുന്‍പ് രജനീകാന്തുമായി നെല്‍സണ്‍ സ്ഥിരമായി ചര്‍ച്ചകള്‍ നടത്തുന്നുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് യുവനിരയിലെ ശ്രദ്ധേയ സംവിധായകന് രജനീകാന്ത് കഥയില്‍ എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കഴിഞ്ഞ ചിത്രം, വിജയ് നായകനായ ബീസ്റ്റ് വിജയമാകാതെ പോയതിനാല്‍ നെല്‍സണെ സംബന്ധിച്ച് ജയിലറിന്‍റെ വിജയം ഒരു അനിവാര്യതയുമാണ്.
Proud daughter of a high and prompt tax payer 😇🏅🌟
— Aishwarya Rajinikanth (@ash_rajinikanth) July 24, 2022
Many thanks to the #incometaxdepartment of Tamilnadu and Puducherry for honouring appa on #incometaxday2022 #onbehalfofmyfather pic.twitter.com/x4timxMDtd
ചിത്രത്തിലെ താരനിരയെയും മറ്റ് അണിയറക്കാരെയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശിവരാജ് കുമാര്‍, ഐശ്വര്യ റായ്, പ്രിയങ്ക മോഹന്‍, ശിവകാര്‍ത്തികേയന്‍, രമ്യ കൃഷ്ണന്‍ എന്നിവര്‍ പ്രധാന റോളുകളില്‍ എത്തുമെന്നാണ് അറിയുന്നത്. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനവും വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും നിര്‍വ്വഹിക്കും. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവും.