പുണെ: ‘കടലാസിലെ ഏറ്റവും കരുത്തുറ്റ ഐപിഎൽ ടീമാണു രാജസ്ഥാൻ. ബാറ്റിങ് നിര, പേസ് ബോളിങ് നിര, സ്പിൻ വിഭാഗം, എല്ലാത്തിലും ഫുൾ മാർക്ക് നൽകാം. സമ്പൂർണമായ ടീമാണു ഞങ്ങൾ’– ഉദ്ഘാടന മത്സരത്തിനു മുന്നോടിയായി യുസ്വേന്ദ്ര ചെഹൽ സ്വന്തം ടീമായ രാജസ്ഥാൻ റോയൽസിനെ വിലയിരുത്തിയത് ഇങ്ങനെ. നർമത്തിനും ട്രോളുകൾക്കും പേരുകേട്ട താരമാണു ചെഹൽ, പക്ഷേ, ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ചെഹലിന്റെ വാക്കുകൾ അച്ചട്ടായി!
ബാറ്റുകൊണ്ടും പന്തുകൊണ്ടും താരങ്ങൾ ആറാടിയപ്പോൾ ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാന് 61 റൺസിന്റെ ഉശിരൻ ജയം. സ്കോർ– രാജസ്ഥാൻ: 20 ഓവറിൽ 210–6; ഹൈദരാബാദ് 20 ഓവറിൽ 149–7. ടോസ്: ഹൈദരാബാദ്.
ജോസ് ബട്‌ലർ മുതൽ ഷിമ്രോൺ ഹെറ്റ്മയർ വരെയുള്ളവരുടെ ബാറ്റിങ് വിരുന്ന്, പ്രസിദ്ധ് കൃഷ്ണയുടെയും ട്രെന്റ് ബോൾട്ടിന്റെയും മാസ്മരിക സ്വിങ് ബോളിങ്, വിക്കറ്റുകളുടെ തിളകത്തിൽ യുസ്‌വെന്ദ്ര ചെഹൽ… സമസ്ത മേഖലകളിലും ഹൈദരാബാദിനെ നാണിപ്പിക്കുന്ന പ്രകടനത്തോടെയാണ് രാജസ്ഥാന്റെ വിജയം. 25 പന്തിൽ അർധ സെഞ്ചുറി തികച്ച ക്യാപ്റ്റൻ സഞ്ജു സാംസണ്‍ ബാറ്റിങ്ങിൽ മുന്നിൽനിന്നു നയിച്ചപ്പോൾ 21 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത ചെഹലാണു ബോളിങ്ങിൽ മികച്ചുനിന്നത്. 4 ഓവറിൽ 16 റൺസ് വഴങ്ങി 2 വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണ, 23 റൺസ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ട് എന്നിവരും തിളങ്ങി.
വമ്പൻ ടോട്ടൽ പിന്തുടർന്ന ഹൈദരാബാദിന് 2–ാം ഓവറിൽത്തന്നെ പ്രസിദ്ധ് കൃഷ്ണ ആദ്യ ആഘാതം ഏൽപ്പിച്ചു. ക്യാപ്റ്റൻ കെയ്ൻ വില്യംസന്റെ (2) ബാറ്റിൽ ഉരസിയ പന്ത് സഞ്ജു സാംസന്റെ ഗ്ലൗസിൽത്തട്ടി പുറത്തേക്കു തെറിച്ചെങ്കിലും ഉജ്വല ഡൈവിലൂടെ ദേവ്ദത്ത് പടിക്കൽ പന്തു പിടിച്ചെടുത്തു. 4–ാം ഓവറിൽ രാഹുൽ ത്രിപാഠിയെ (0) പ്രസിദ്ധും, 5–ാം ഓവറിൽ നിക്കോളാസ് പുരാനെ (0) ബോൾട്ടും പുറത്താക്കിയതോടെ ഹൈദരാബാദിന്റെ ജീവൻ നഷ്ടമായി.
പവർപ്ലേ ഓവർറുകളിൽ 3 വിക്കറ്റ് നഷ്ടത്തിൽ 14 റൺസ് മാത്രമാണു ഹൈദരാബാദിനു നേടാനായത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പവർപ്ലേ സ്കോറാണിത്. പിന്നീടായിരുന്നു ചെഹലിന്റെ രംഗപ്രവേശം. ആൻകിത് ശർമ (19 പന്തിൽ ഒരു ഫോർ അടക്കം 9), അബ്ദുൽ സമദ് (6 പന്തിൽ 4), റൊമാരിയോ ഷെപ്പേഡ് (18 പന്തിൽ 2 സിക്സ് അടക്കം 24) എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തിയ ചെഹൽ ഹൈദരാബാദിന്റെ കഥ തീർത്തു.
ഏയ്ഡൻ മാർക്രമാണ് (41 പന്തിൽ 5 ഫോറും 2 സിക്സും അടക്കം 57 നോട്ടൗട്ട്) ഹൈദരാബാദിന്റെ ടോപ് സ്കോറർ. തോൽവി ഉറപ്പിച്ചതിനു ശേഷം, നേഥൻ കൂൾട്ടൻനൈലിന്റെ 17–ാം ഓവറിൽ 24 റൺസടിച്ച വാഷിങ്ടൻ സുന്ദറും കയ്യടി വാങ്ങി. 14 പന്തിൽ 5 ഫോറും 2 സിക്സും അടക്കം 40 റൺസ് നേടിയ സുന്ദറിന്റെ പ്രകടനം ഹൈദരാബാദിന്റെ റൺ കടം കുറയ്ക്കുന്നതിൽ നിർണായകമായി. 15.4 ഓവറിൽ 78 റൺസിനിടെ 6 വിക്കറ്റ് നഷ്ടമായതിനു ശേഷമാണ് ഹൈദരാബാദ് നില മെച്ചപ്പെടുത്തിയത്. 3 ഓവറിൽ 48 റൺസ് വഴങ്ങിയ നേഥൻ കൂൾട്ടർനൈൽ മാത്രമാകും രാജസ്ഥാൻ നിരയിൽനിന്ന് മത്സരം മറക്കാൻ ആഗ്രഹിക്കുക.
നേരത്തെ, ടീമിലെ മലയാളി താരങ്ങളായ ക്യാപ്റ്റൻ സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ എന്നിവരുടെ ബാറ്റിങ് വെടിക്കെട്ടാണ് രാജസ്ഥാന് വമ്പൻ സ്കോർ സമ്മാനിച്ചത്. 27 പന്തിൽ 3 ഫോറും 5 സിക്സും അടങ്ങുന്നതാണു സഞ്ജുവിന്റെ ഇന്നിങ്സ്.
പടിക്കൽ 29 പന്തിൽ 4 ഫോറും 2 സിക്സും അടക്കം 41 റൺസ് നേടി. 14 സിക്സറുകളാണ് രാജസ്ഥാൻ താരങ്ങളുടെ ബാറ്റിൽനിന്നു പിറന്നത്. ജോസ് ബട്‌ലർ (28 പന്തിൽ 3 വീതം ഫോറും സിക്സും അടക്കം 35), യുവതാരം യശസ്വി ജെയിസ്വാൾ (16 പന്തിൽ 2 ഫോറും ഒരു സിക്സും അടക്കം 20) എന്നിവർ നൽകിയ ഉജ്വല തുടക്കമാണു രാജസ്ഥാനു മികച്ച ടോട്ടലിനുള്ള അടിത്തറ പാകിയത്. 6.1 ഓവറിൽ 58 റൺസാണ് ഓപ്പണിങ് സഖ്യം ചേർത്തത്. ഭുവനേശ്വർ കുമാറിന്റെ ആദ്യ ഓവറിൽത്തന്നെ സ്ലിപ്പിൽ ക്യാച്ച് നൽകി ബട്‌ലർ പുറത്തായിരുന്നെങ്കിലും പന്തു നോബോളായത് രാജസ്ഥാന് അനുഗ്രഹമായി. പിന്നീട് ഉമ്രാൻ മാലിക്കിന്റെ ഓവറിലും ബട്‌ലറെ ഹൈദരാബാദ് സ്ലിപ്പിൽ വിട്ടുകളഞ്ഞു.
റൊമാരിയോ ഷെപ്പേഡിനെ സിക്സ് അടിക്കാനുള്ള ശ്രമത്തിനിടെ ഏയ്ഡൻ മാർക്രനത്തിനു ക്യാച്ച് നൽകിയാണു ജെയിസ്വാൾ പുറത്തായത്. ഇതോടെ ദേവ്ദത്തിനു പകരം സ്വയം സ്ഥാനക്കയറ്റം നൽകി ക്യാപ്റ്റൻ സഞ്ജു ക്രീസിലെത്തി. സെറ്റായതിനു ശേഷം അടിച്ചു തകർക്കുന്ന പതിവു ശൈലി വിട്ട സഞ്ജു തുടക്കം മുതൽതന്നെ പന്ത് ബൗണ്ടറി കടത്തി.
അധികം വൈകാതെ ബട്‌ലറെ ഉമ്രാൻ മാലിക്തന്നെ ബട്‌ലറെ മടക്കിയെങ്കിലും 4–ാം വിക്കറ്റിൽ ദേവ്ദത്തിനൊപ്പം സഞ്ജു അതിവേഗം 73 റൺസ് ചേർത്തു. മെല്ലെത്തുടങ്ങിയ ദേവ്ദത്ത് പിന്നീടു തകര്‍പ്പൻ ഷോട്ടുകളിലൂടെ രാജസ്ഥാൻ സ്കോറിങ് ഉയർത്തി. ഇരു താരങ്ങളും മത്സരിച്ചു സിക്സറുകൾ പായിച്ചതോടെ, ഹൈദരാബാദ് ബോളർമാരുടെ ദിശാബോധം പോലും നഷ്ടമായി. ഒരു ഘട്ടത്തിൽ സഞ്ജുവിനെ മറികടക്കുമെന്നു തോന്നിച്ചെങ്കിലും അർധ സെഞ്ചുറിയിലേക്കു കുതിക്കവേ, ദേവ്ദത്തിനെ ഉമ്രാൻ ബോൾഡാക്കി.
തൊട്ടടുത്ത ഓവറിൽ വാഷിങ്ടൻ സുന്ദറിനെ തുടർച്ചയായി 2 സിക്സറിനു തൂക്കി 25 പന്തിൽ സഞ്ജു സീസണിലെ ആദ്യ അർധ സെഞ്ചുറി കുറിച്ചു. സ്കോറിങ് ഉയർത്താനുള്ള ശ്രമത്തിനിടെ ഭുവനേശ്വർ കുമാറിന്റെ 17–ാം ഓവറിലാണു സഞ്ജു പുറത്തായത്. ലോങ് ഓണിൽ അബ്ദുൽ സമദാണു പന്തു ക്യാച്ച് ചെയ്തത്. അർധ സെഞ്ചുറിക്കു പിന്നാലെ സഞ്ജു വീണെങ്കിലും പിന്നീട് എത്തിയ ഷിമ്രോൺ ഹെറ്റ്മയർ (13 പന്തിൽ 2 ഫോറും 3 സിക്സും അടക്കം 32), റിയാൻ പരാഗ് (8 പന്തിൽ 2 ഫോർ അടക്കം 12) എന്നിവർ ടോട്ടൽ 200 കടത്തി.
4 ഓവറിൽ 39 റൺസ് വഴങ്ങി 2 വിക്കറ്റടുത്ത ഉമ്രാൻ മാലിക്കാണ് ഹൈദരാബാദ് ബോളർമാരിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ടി നടരാജൻ 43 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാർ 29ഉം, റൊമാരിയോ ഷെപ്പേഡ് 33 റൺസും വഴങ്ങി ഓരോ വിക്കറ്റെടുത്തു. 3 ഓവറിൽ 47 റൺസ് വഴങ്ങിയ വാഷിങ്ടൻ സുന്ദറാണ് ഹൈദരാബാദ് ബോളർമാരിൽ ഏറ്റവും അധികം പ്രഹരം ഏറ്റുവാങ്ങിയത്.