മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ 23 റണ്‍സിന് തകര്‍ത്ത് രാജസ്ഥാന്‍ റോയല്‍സിന്(Mumbai vs Rajasthan) തുടര്‍ച്ചയായ രണ്ടാം ജയം. 194 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇഷാന്‍ കിഷന്‍റെയും തിലക് വര്‍മയുടെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ ജയത്തിലേക്ക് ബാറ്റുവീശിയ മുംബൈയെ തന്ത്രപരമായ ബൗളിംഗ് മാറ്റങ്ങളിലൂടെയാണ് രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പിടിച്ചു കെട്ടിയത്.
അവസാന രണ്ടോവറില്‍ 39 റണ്‍സും അവസാന ഓവറില്‍ 29 റണ്‍സുമായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പൊള്ളാര്‍ഡ് ക്രീസിലുണ്ടായിട്ടും മുംബൈക്ക് അവസാന രണ്ടോവറില്‍ 16 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 193-8, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 170-8
5 പന്തില്‍ ഒരു സിക്സ് അടക്കം 10 റണ്‍സടിച്ച് നല്ല ടച്ചിലായിരുന്ന രോഹിത്തിനെ പ്രസിദ്ധ് കൃഷ്ണ രണ്ടാം ഓവറില്‍ റിയാന്‍ പരാഗിന്‍റെ കൈകളിലെത്തിച്ചതോടെയാണ് മുംബൈയുചെ തകര്‍ച്ച തുടങ്ങിയത്. രോഹിത് മടങ്ങിയതിന് പിന്നാലെ എത്തിയ അന്‍മോല്‍പ്രീത് ബൗണ്ടറിയടിച്ചാണ് തുടങ്ങിയത്. രണ്ടാം ഓവറില്‍ രോഹിത്തിന്‍റെ വിക്കറ്റെടുത്തെങ്കിലും പ്രസിദ്ധ് 15 റണ്‍സ് വഴങ്ങി. മൂന്നാം ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത ബോള്‍ട്ട് വീണ്ടും കളി നിയന്ത്രണത്തിലാക്കി. എന്നാല്‍ നവദീപ് സെയ്നിയുടെ നാലാം ഓവറില്‍ ഒരു സിക്സും രണ്ട് ഫോറുമടിച്ച് ഇഷാന്‍ കിഷന്‍ വീണ്ടും മുംബൈയെ ട്രാക്കിലാക്കി. എന്നാല്‍ അതേ ഓവറിലെ അവസാന പന്തില്‍ അന്‍മോല്‍പ്രീതിനെ മടക്കി നവദീപ് സെയ്നി മുംബൈക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. 5.4 ഓവറില്‍ മുംബൈ 50 കടന്നു.
ഓപ്പണര്‍ ഇഷാന്‍ കിഷന്‍റെയും കരുത്തിലായിരുന്നു മുംബൈയുടെ തിരിച്ചടി. രോഹിത്തും അന്‍മോല്‍പ്രീതും മടങ്ങിയതിന് പിന്നാലെ ആക്രമണം ഏറ്റെടുത്ത ഇഷാന്‍ കിഷനും തിലക് വര്‍മയും ചേര്‍ന്നാണ് മുംബൈയുടെ പോരാട്ടം നയിച്ചത്. കിഷന്‍ ഒരറ്റത്ത് നിലയുറപ്പിച്ചപ്പോള്‍ തകര്‍ത്തടിച്ച തിലക് വര്‍മ മുംബൈ സ്കോറുയര്‍ത്തി. 41 പന്തിലാണ് കിഷന്‍ അര്‍ധസെഞ്ചുറി തികച്ചത്. അഞ്ച് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു കിഷന്‍റെ അര്‍ധസെഞ്ചുറി. അര്‍ധ സെഞ്ചുറി തികച്ചതിന് പിന്നാലെ ബോള്‍ട്ടിന്‍റെ പന്തില്‍ കിഷനെ(43 പന്തില്‍ 54) നവദീപ് സെയ്നി തകര്‍പ്പന്‍ ക്യാച്ചില്‍ പുറത്താക്കി. മൂന്നാം വിക്കറ്റില്‍ 79 റണ്‍സാണ് ഇരുവരും അടിച്ചു കൂട്ടിയത്.
പിന്നാലെ 28 പന്തില്‍ തിലക് വര്‍മ അര്‍ധസെഞ്ചുറി തികച്ചു. നാലു സിസ്കും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു തിലക് വര്‍മയുടെ അര്‍ധസെഞ്ചുറി. അശ്വിനെ റിവേഴ്സ് സ്വീപ്പില്‍ സിക്സടിച്ച് കരുത്തുകാട്ടിയ തിലക് വര്‍മയെ തൊട്ടടുത്ത പന്തില്‍ ക്ലീന്‍ ബൗള്‍ഡാക്കി അശ്വിന്‍ രാജസ്ഥാന് വീണ്ടും പ്രതീക്ഷ നല്‍കി. 33 പന്തില്‍ അഞ്ച് സിക്സും മൂന്ന് ഫോറും പറത്തിയ തിലക് വര്‍മ 61 റണ്‍സടിച്ചാണ് പുറത്തായത്. തിലക് വര്‍മ പുറത്താവുമ്പോള്‍ മുംബൈക്ക് ജയത്തിലേക്ക് 34 പന്തില്‍ 59 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
തിലക് വര്‍മ പുറത്തായതിന് പിന്നാലെ വമ്പനടിക്കാരനായ ടിം ഡേവിഡിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ യുസ്‌വേന്ദ്ര ചാഹല്‍ അടുത്ത പന്തില്‍ ഡാനിയേല്‍ സാംസിനെ(0) ജോസ് ബട്‌ലറുടെ കൈകളിലെത്തിച്ച് മുംബൈക്ക് ഇരട്ട പ്രഹരമേല്‍പ്പിച്ചു. തൊട്ടടുത്ത പന്തില്‍ മുരുഗന്‍ അശ്വിന്‍ നല്‍കിയ ക്യാച്ച് സ്ലിപ്പില്‍ കരുണ്‍ നായര്‍ക്ക് കൈയിലൊതുക്കാന്‍ കഴിയാതിരുന്നതോടെ ചാഹലിന് ഹാട്രിക്ക് നഷ്ടമായി. സ്പിന്നര്‍മാരായ അശ്വിനെയും ചാഹലിനെയും മുംബൈയുടെ വമ്പനടിക്കാരായ പൊള്ളാര്‍ഡിനും ഡേവിഡിനും സാംസിനും വേണ്ടി കരുതിവെച്ച സഞ്ജുവിന്‍റെ തന്ത്രമായിരുന്നു ഫലിച്ചത്.
പത്തൊമ്പതാം ഓവറില്‍ പൊള്ളാര്‍ഡിനെ വരിഞ്ഞുമുറുക്കിയ പ്രസിദ്ധ് കൃഷ്ണ മുംബൈയുടെ ലക്ഷ്യം ദുഷ്കരമാക്കി. ഇതിനിടെ പ്രസിദ്ധിന്‍റെ പന്തില്‍ പൊള്ളാര്‍ഡ് നല്‍കിയ ക്യാച്ച് യശസ്വി ജയ്‌സ്വാള്‍ അവിശ്വസനീയമായി കൈവിട്ടു. അവസാന രണ്ടോവറില്‍ 39 റണ്‍സും അവസാന ഓവറില്‍ 29 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ നവദീപ് സെയ്നി എറിഞ്ഞ അവസാന ഓവറില്‍ അഞ്ച് റണ്‍സ് മാത്രമാണ് പൊള്ളാര്‍ഡിന് നേടാനായത്. രാജസ്ഥാനുവേണ്ടി നവദീപ് സെയ്നിയും യുസ്വേന്ദ്ര ചാഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ സെഞ്ചുറി നേടിയ ജോസ് ബട്‌ലറുടെയും ഷിമ്രോണ്‍ ഹെറ്റ്മെയര്‍, നായകന്‍ സഞ്ജു സാംസണ്‍ എന്നിവരുടെ വെടിക്കെട്ട് ഇന്നിംഗ്സുകളുടെയും കരുത്തിലാണ് കൂറ്റന്‍ സ്കോര്‍ നേടിയത്. ബട്‌ലര്‍ 68 പന്തില്‍ 100 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഹെറ്റ്മെയര്‍ 14 പന്തില്‍ 35 റണ്‍സടിച്ചു. സഞ്ജു 20 പന്തില്‍ 30 റണ്‍സെടുത്ത് തിളങ്ങി. മുംബൈക്കായി ജസ്പ്രീത് ബുമ്രയും ടൈമല്‍ മില്‍സും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.