ഗുവാഹത്തിയി:ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെ തകർത്ത് രാജസ്ഥാൻ റോയൽസിനു രണ്ടാം വിജയം. ഗുവാഹത്തിയിൽ നടന്ന മത്സരത്തില്‍ 57 റണ്‍സിനാണു രാജസ്ഥാൻ റോയല്‍സിന്റെ വിജയം. 200 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തില്‍ 142 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഡൽഹി ക്യാപ്റ്റൻ ഡേവിഡ് വാർണർ 55 പന്തിൽ 65 റൺസെടുത്തു പുറത്തായി. രണ്ടാം ജയത്തോടെ നാലു പോയിന്റുമായി രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. കളിച്ച മൂന്നു മത്സരങ്ങളും തോറ്റ ഡൽഹി ഒൻപതാം സ്ഥാനത്താണ്.
ഡൽഹിക്കായി ക്യാപ്റ്റൻ ഡേവിഡ് വാർണർ അർധ സെഞ്ചറിയുമായി പുറത്താകാതെ നിന്നെങ്കിലും മികച്ചൊരു കൂട്ടുകെട്ടില്ലാതെ പോയതാണ് മറുപടി ബാറ്റിങ്ങിൽ തിരിച്ചടിയായത്. ആദ്യ ഓവറിൽ തന്നെ ഇംപാക്ട് പ്ലേയറായ പൃഥ്വി ഷായെയും മനീഷ് പാണ്ഡെയെയും പുറത്താക്കി
ട്രെന്റ് ബോൾട്ട് കനത്ത പ്രഹരമാണ് ഡൽഹിക്കു നൽകിയത്. 12 പന്തിൽ 14 റൺസെടുത്ത് റിലീ റൂസോ പുറത്തായി. മധ്യനിര താരം ലളിത് യാദവാണ് ഡൽഹി ബാറ്റിങ് തിരയിൽ തിളങ്ങിയ മറ്റൊരു താരം. 24 പന്തുകളിൽനിന്നു താരം 38 റൺസെടുത്തു.
സ്കോർ 100 തൊട്ടതിനു പിന്നാലെ ലളിത് യാദവിനെ ബോൾട്ട് ബോൾഡാക്കി.അക്സർ പട്ടേലും (രണ്ട്), റോവ്മൻ പവലും (രണ്ട്) പുറത്തായതോടെ ഡൽഹി കൂടുതൽ പ്രതിരോധത്തിലായി. ചെഹലിന്റെ പന്തിൽ ഹെറ്റ്മെയര്‍ ക്യാച്ചെടുത്താണ് യുവതാരം അഭിഷേക് പോറലിനെ മടക്കിയത്.
ഒൻപതു പന്തുകളില്‍ ഏഴു റൺസാണു താരത്തിന്റെ സമ്പാദ്യം. 19–ാം ഓവർ വരെ പൊരുതിയ ശേഷമാണ് ഡല്‍ഹി ക്യാപ്റ്റൻ മടങ്ങിയത്. ചെഹലിന്റെ പന്തിൽ വാർണർ എൽബിഡബ്ല്യു ആകുകയായിരുന്നു. സന്ദീപ് ശർമയുടെ ആദ്യ പന്തിൽ തന്നെ ആൻറിച് നോർട്യ പുറത്തായി.
ഡൽഹി എട്ട് ബാറ്റർമാരാണ് രണ്ടക്കം കടക്കാൻ സാധിക്കാതെ മടങ്ങിയത്. രാജസ്ഥാനു വേണ്ടി ട്രെന്റ് ബോൾട്ടും യുസ്‍വേന്ദ്ര ചെഹലും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. അശ്വിൻ രണ്ടും സന്ദീപ് ശർമ ഒരു വിക്കറ്റും നേടി.