ചെന്നൈ: ‘ഒരു രാജ്യം, ഒരുഭാഷ’: എല്ലാവരും ഹിന്ദി പഠിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിര്‍ദേശത്തിനെതിരെ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. പൊതുഭാഷ എന്ന നിലയില്‍ നിര്‍ഭാഗ്യവശാല്‍ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് രജനികാന്ത് പ്രതികരിച്ചു. ഒരു പൊതു ഭാഷ ഇന്ത്യക്ക് മാത്രമല്ല, ഏത് രാജ്യത്തിനും അതിന്റെ ഐക്യത്തിനും പുരോഗതിക്കും നല്ലതാണ്.
നിര്‍ഭാഗ്യവശാല്‍, നമ്മുടെ രാജ്യത്ത് ഒരു പൊതു ഭാഷ കൊണ്ടുവരാന്‍ കഴിയില്ല. അതിനാല്‍ ഒരു ഭാഷയും അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല- രജനികാന്ത് പറഞ്ഞു. ചെന്നൈയില്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു രജനി. ഹിന്ദി അടിച്ചേല്‍പ്പിച്ചാല്‍ തമിഴ്‌നാട് മാത്രമല്ല തെക്കന്‍ സംസ്ഥാനങ്ങളൊന്നും അംഗീകരിക്കില്ല. വടക്കുള്ള പല സംസ്ഥാനങ്ങളും ഹിന്ദിയെ അംഗീകരിക്കില്ലെന്നും രജനികാന്ത് പറഞ്ഞു. അമിതഷായുടെ നിര്‍ദ്ദേശത്തിനെതിരെ രാജ്യത്തിന്റെ പല കോണില്‍ നിന്നും വന്‍ പ്രതിഷേധമാണ് ഉയരുന്നത്.