27.8 C
Kottayam
Wednesday, May 29, 2024

മുസ്ലീം പള്ളികൾക്ക് മുന്നിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത് രാജ് താക്കറെ; മഹാരാഷ്ട്രയിൽ അതീവജാ​ഗ്രത

Must read

മുംബൈ: മുസ്ലീം പള്ളികൾക്ക് മുന്നിൽ പ്രതിഷേധിക്കാൻ എംഎൻഎസ് തലവൻ രാജ് താക്കറെ ആഹ്വാനം ചെയ്ത സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ അതീവജാ​ഗ്രത. ഉച്ചഭാഷിണികളിലൂടെ ബാങ്ക് വിളി കേൾപ്പിക്കുന്ന പള്ളികൾക്ക് മുൻപിൽ ഇരട്ടി ശബ്ദത്തിൽ ഹനുമാൻ കീർത്തനങ്ങൾ കേൾപ്പിക്കാനാണ് ആഹ്വാനം. പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നിരോധിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് വെല്ലുവിളി. ഡിജിപിയെ ഫോണിൽ വിളിച്ച മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ആരെങ്കിലും അക്രമത്തിന് തുനിഞ്ഞാൽ ഉത്തരവുകൾക്ക് കാത്ത് നിൽക്കാതെ അടിച്ചമർത്തണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

അവധിയിലുള്ള പൊലീസുദ്യോഗസ്ഥരെയെല്ലാം തിരികെ വിളിപ്പിച്ചിട്ടുണ്ട്. അതേസമയം ഔറംഗാബാദിൽ ഞായറാഴ്ച പ്രകോപനപരമായി പ്രസംഗിച്ചതിനെതിരായ കേസിൽ മഹാരാഷ്ട്രാ പൊലീസ് രാജ് താക്കറെയെ ഇന്ന് കസ്റ്റഡിയിൽ എടുത്തേക്കും. 2008ൽ ബസ് ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രാജ് താക്കറെയ്ക്കെതിരെ ജാമ്യമില്ലാ വാറന്‍റും നിലവിലുണ്ട്. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ മഹാരാഷ്ട്രയിൽ എന്ത് സംഭവിക്കുമെന്നതിന് ഉത്തരവാദികളായിരിക്കില്ലെന്നാണ് രാജ് താക്കറെ പറഞ്ഞത്. ഇത് മതപരമായ വിഷയമല്ല, സാമൂഹിക വിഷയമാണെന്ന് ആവർത്തിക്കുകയാണ്.

എന്നാൽ നിങ്ങൾ ഇത് മതപരമായ വിഷയമാക്കിയാൽ സമാനമായ രീതിയിൽ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.  സംസ്ഥാനത്ത് കലാപം ഉണ്ടാക്കുന്നതിൽ താൽപ്പര്യമില്ല. എന്നാൽ ഉച്ചഭാഷിണികൾ പൊതുജീവിതത്തത്തിന് ബുദ്ധിമുട്ടാണ്. ഉത്തർപ്രദേശിൽ ഉച്ചഭാഷിണി നീക്കം ചെയ്യാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് മഹാരാഷ്ട്രയിൽ കഴിയില്ല. നിയമവിരുദ്ധമായാണ് ഉച്ചഭാഷിണികൾ ഉപ‌യോ​ഗിക്കുന്നത്. എല്ലാ ആരാധനാലയങ്ങളിൽ നിന്നും ഉച്ചഭാഷിണികൾ നീക്കം ചെയ്യണം. ആദ്യം പള്ളികളിൽ നിന്നുള്ളവ നീക്കണമെന്നും രാജ് താക്കറെ ആവശ്യപ്പെട്ടു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week