KeralaNews

തോരാത്ത മഴ:മണിയാർ ഡാം തുറന്നു; ഹരിപ്പാടും കരുവാറ്റയിലും വെള്ളപ്പൊക്കം; നിരണത്ത് തെങ്ങ് വീണ് പശു ചത്തു

തിരുവനന്തപുരം:47 വർഷത്തിനിടയിലെ ഏറ്റവും മഴ കുറ‍ഞ്ഞ ജൂണിനു ശേഷം ജൂലൈയിൽ കാലവ‍ർഷം ശക്തി പ്രാപിച്ചു. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

ഇന്നലെ രാവിലത്തെ കണക്ക് അനുസരിച്ച് 24 മണിക്കൂറിനിടെ സംസ്ഥാനത്തു 30.37 സെന്റിമീറ്റർ മഴ പെയ്തു. 4 ദിവസം ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന തിരമാലയും കടലാക്രമണവും ഉണ്ടാകുമെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നൽകി. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നിന്നു മീൻപിടിത്തത്തിനു പോകാൻ പാടില്ല.

പത്തനംതിട്ട മണിയാർ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകൾ 10 സെ.മീ വീതം ഉയർത്തി. പത്തനംതിട്ട കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രത്യേക കൺട്രോൺ റൂം തുറന്നു. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 0468–2322515, 8078808915, ടോൾഫ്രീ നമ്പർ: 1077. അരയാഞ്ഞിലിമൺ, കുറുമ്പൻമൂഴി കോസ്‌വേകൾ മുങ്ങി. കോട്ടാങ്ങലിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. ‘

നിരണത്ത് ശക്തമായ കാറ്റിൽ തെങ്ങ് വീണ് നിരണം സ്വദേശിയ ഷാജിയുടെ പശു ചത്തു. ആലപ്പുഴ ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിർമാണം നടക്കുന്ന ഇടങ്ങളിൽ വെള്ളപ്പൊക്കം. ചേർത്തല നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കാളികുളത്ത് തെങ്ങ് വീണ് കട തകർന്നു. തിരുവനന്തപുരം മുതലപ്പൊഴിയിൽ ശക്തമായ തിരയിൽ വള്ളം മറിഞ്ഞു. മൂന്നു തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. വള്ളം ഒഴുകിപ്പോയി. കോട്ടയം വൈക്കം വെച്ചൂരിൽ വീട് ഇടിഞ്ഞു വീണു, ആർക്കും പരുക്കില്ല.

കനത്ത മഴ മുന്നറിയിപ്പുള്ളതിനാൽ എറണാകുളം, ആലപ്പുഴ ജില്ലയിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ് – സിബിഎസ്ഇ – ഐസിഎസ്ഇ സ്കൂളുകൾ, അങ്കണവാടികൾ ഉൾപ്പെടെ എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുൻ നിശ്ചയിച്ച പ്രകാരമുള്ള പിഎസ്‌സി, യൂണിവേഴ്സിറ്റി പരീക്ഷകൾക്കു മാറ്റമില്ല. കാസർകോട് ജില്ലയിലെ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button