തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ബംഗാള്‍ ഉള്‍ക്കടലിന്റെ തെക്ക് കിഴക്കന്‍ മേഖലയിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. പടിഞ്ഞാറ്, വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിച്ചു അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ ശ്രീലങ്ക തീരത്തേക്ക് സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി മാര്‍ച്ച് അഞ്ച്,ആറ്,ഏഴ് തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
അതേസമയം ഈ വര്‍ഷത്തെ ശൈത്യകാല സീസണ്‍ (ജനുവരി – ഫെബ്രുവരി) അവസാനിച്ചപ്പോള്‍ മലപ്പുറം ജില്ലയില്‍ ഒരു തുള്ളി മഴ പോലും ലഭിച്ചില്ല. കഴിഞ്ഞ രണ്ടു മാസക്കാലത്ത് ജില്ലയില്‍ ലഭിക്കേണ്ട ശരാശരി മഴ 7.4 മില്ലി മീറ്ററായിരുന്നു. സംസ്ഥാനത്ത് ഈ സീസണില്‍ ഇത്തവണ 33% കുറവ് മഴയാണ് ലഭിച്ചത്. ശരാശരി 22.4 മിമീ മഴ ലഭിക്കേണ്ട സ്ഥാനത്ത് ലഭിച്ചത് 14.9 മിമീ മാത്രം.
തിരുവനന്തപുരം ഒഴികെയുള്ള എല്ലാ ജില്ലകളിലും സാധാരണയില്‍ കുറവ് മഴ മാത്രമാണ് ലഭിച്ചത്. 57.1 മിമീ മഴ ലഭിച്ച തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് (54% കൂടുതല്‍ ). പത്തനംതിട്ട (47.3), ഇടുക്കി ( 26.3), കൊല്ലം ( 24.1) എന്നീ ജില്ലകള്‍തൊട്ടു പിന്നിലെത്തി.
തൃശൂര്‍, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ 0.1 മിമീ മഴ മാത്രം രേഖപ്പെടുത്തിയപ്പോള്‍ പാലക്കാട് (0.2), കാസര്‍ഗോഡ് (1) മഴ മാത്രമാണ് ലഭിച്ചത്. കോട്ടയത്ത് ശരാശരി ലഭിക്കേണ്ടതിനേക്കാള്‍ 50% കുറവ് മഴയാണ് ഈ കാലയളവില്‍ പെയ്തത്. 17.2 മിമീ മാത്രം( ലഭിക്കേണ്ടത്: 35.2 മിമീ). 2021ല്‍ ജനുവരി-ഫെബ്രുവരി മാസത്തില്‍ 114.9 മി.മീ മഴ ലഭിച്ചിരുന്നു. 409% കൂടുതല്‍ മഴ.
മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയുള്ള വേനല്‍ മഴക്കാല സീസണ്‍ മോശമാകില്ലെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ നിഗമനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം മാര്‍ച്ചില്‍ കേരളത്തില്‍ മഴയെത്തിക്കുന്നതോടെ വേനലിന് ആശ്വാസം ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.