തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ (rain alert) മാറ്റം. അഞ്ച് ജില്ലകളില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകള്‍ പിൻവലിച്ചു. കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, കേരള തീരത്ത് ഇന്ന് മുതൽ ബുധനാഴ്ച വരെയും ലക്ഷദ്വീപ് തീരത്ത് ഇന്ന് മുതൽ വ്യാഴാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
നാളെ മുതൽ മൂന്ന് ദിവസത്തേക്ക് കണ്ണൂരും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും. ബുധനാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തെക്കേ ഇന്ത്യൻ തീരത്തോട് ശക്തമായ മഴ തുടരാൻ കാരണം. നിലവിൽ ശ്രീലങ്കയ്ക്ക് മുകളിലും തമിഴ്നാട് തീരത്തുമായി സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം അടുത്ത രണ്ട് ദിവസത്തേക്ക് കാര്യമായി നീങ്ങാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ. ഇതിന് ശേഷമാകും അറബിക്കടലിലേക്ക് നീങ്ങുകയെന്നാണ് നിരീക്ഷണം.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള ജാഗ്രത നിർദ്ദേശം
ഒക്ടോബർ 31 മുതൽ നവംബർ 3 വരെ: കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒക്ടോബർ 31 മുതൽ നവംബർ 4 വരെ: ലക്ഷദ്വീപ് തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പ്രത്യേക ജാഗ്രത നിർദ്ദേശം
ഒക്ടോബർ 31 & നവംബർ 1 : കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
ഒക്ടോബർ 31 & നവംബർ 3 : തെക്ക്-കിഴക്കൻ അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.