ലഖ്‌നോ: ഭക്ഷണത്തിനു ശേഷം ഉപേക്ഷിക്കാറുള്ള ഡിസ്‌പോസബ്ള്‍ പ്ലേറ്റുകള്‍ കഴുകി വീണ്ടും ഭക്ഷണം നല്‍കാന്‍ ഉപയോഗിക്കുന്നത് കണ്ടുപിടിച്ച് റെയില്‍വേ സ്‌റ്റേഷനില്‍ ഭക്ഷണ സ്റ്റാള്‍ അടച്ചുപൂട്ടി. ഉത്തര്‍ പ്രദേശിലെ മുഗള്‍സരായ് പട്ടണത്തിലെ ദീന്‍ദയാല്‍ ഉപാധ്യായ റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം.
ആറാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാണ് ഐ.ആര്‍.സി.ടി.സിക്കു കീഴിലെ ഭക്ഷണ സ്റ്റാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ സ്ഥാപിച്ച കാമറയില്‍ പ്ലേറ്റ് കഴുകുന്ന ദൃശ്യങ്ങള്‍ പതിയുകയായിരുന്നു. ഉപയോഗിച്ചവ ഒരുവശത്ത് കൂട്ടിയിട്ടതിനരികെ ചെന്ന് ഓരോന്നായി തൊഴിലാളികളില്‍ ഒരാള്‍ എടുത്ത് കഴുകുന്നതാണ് വിഡിയോ ദൃശ്യങ്ങളില്‍.
ആരോ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചതോടെ അതിവേഗം വൈറലായി. സംഭവം അങ്ങാടിപ്പാട്ടായതോടെ സ്റ്റാള്‍ ഏഴു ദിവസം അടച്ചിടാന്‍ റെയില്‍വേ അധികൃതര്‍ ഉത്തരവിടുകയായിരുന്നു. അന്വേഷിച്ചുവരികയാണെന്ന് ഐ.ആര്‍.സി.ടി.സി അധികൃതര്‍ പറഞ്ഞു.