കൊച്ചി: സിൽവർ ലൈനിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുക്കൽ നടപടി ഹൈക്കോടതിയിൽ ശരിവെച്ച് റെയിൽവേ. സ്ഥലമേറ്റെടുക്കൽ വിജ്ഞാപനത്തിന് അനുമതിയുണ്ടെന്നും റെയിൽവേ കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാർ വാദങ്ങളെ കോടതിയിൽ റെയിൽവേ പിന്തുണച്ചു. ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടികൾ ചോദ്യംചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിലെ അന്തിമ വാദത്തിനിടെയാണ് റെയിൽവേ നിലപാട് അറിയിച്ചത്.
സ്ഥലം ഏറ്റെടുക്കൽ നടപടികൾ റദ്ദാക്കരുതെന്നായിരുന്നു സർക്കാരിന്റെ വാദം. സിൽവർ ലൈനിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നതിന് കെ- റെയിലിന് അനുമതിയുണ്ടെന്ന് കോടതിയിൽ റെയിൽവേ വ്യക്തമാക്കി. സിൽവർലൈൻ ഒരു പ്രത്യേക റെയിൽവേ പദ്ധതിയല്ല. അതുകൊണ്ടുതന്നെ കേന്ദ്ര സർക്കാരിന്റെ പ്രത്യേക അനുമതി സ്ഥലമേറ്റെടുക്കലിന് ആവശ്യമില്ല. 2013-ലെ നിയമപ്രകാരം ഭൂമി ഏറ്റെടുക്കൽ നടപടികൾ സ്വീകരിക്കാവുന്നതാണെന്നും റെയിൽവേ കോടതിയിൽ അറിയിച്ചു.
സംസ്ഥാന സർക്കാരും സമാന നിലപാടുതന്നെയാണ് കോടതിയെ അറിയിച്ചത്. കേന്ദ്രസർക്കാരിന്റെ തത്വത്തിലുള്ള അംഗീകാരം പദ്ധതിക്ക് ഉണ്ടെന്നും ഇതനുസരിച്ചുള്ള നടപടികൾ മാത്രമാണ് എടുത്തിരിക്കുന്നതെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
അതേസമയം, സർക്കാരിന്റെയും റെയിൽവേയുടെയും വാദങ്ങളെ ഹർജിക്കാർ ചോദ്യംചെയ്തു. സിൽവർലൈൻ പദ്ധതിക്ക് സർക്കാരിന്റെയോ റെയിൽവേയുടെയോ കൃത്യമായ അനുമതി ഇല്ലെന്ന് അവർ കോടതിയെ അറിയിച്ചു. നിയമവിരുദ്ധമായി 955 ഏക്കർ സ്ഥലം ഏറ്റെടുക്കാനാണ് സർക്കാരിന്റെ നീക്കമെന്നും ഇത് ജനജീവിതത്തെ തകിടംമറിക്കുമെന്നും ഹർജിക്കാർ വാദിച്ചു. അന്തിമവാദം പൂർത്തിയായതിനെ തുടർന്ന് വിധിപറയാനായി കേസ് മാറ്റി.