തൃശൂർ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പീച്ചി കണ്ണാറ കാളക്കുന്ന് മണിവിലയത്ത് വീട്ടിൽ രാജീവ് മകൻ ശിവം കോലി (27) ആണ് പിടിയിലായത്. മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്നതിന് തൃശൂർ എക്‌സൈസ് നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലാകുന്നത്. കുട്ടികൾക്കിടയിൽ മയക്കുമരുന്ന് വിപണനം നടത്തുന്നവരെ കണ്ടെത്തുന്ന ഹോട്ട്‌സ്‌പോട്ടുകളിൽ രാത്രി സമയങ്ങളിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ കുടുങ്ങിയത്.
സിന്തറ്റിക് ലഹരി വസ്തുക്കൾ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്നും ഉപയോഗം കൂടിയെന്നും തൃശൂർ ഇന്റലിജൻസാണ് വിവരം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ തൃശൂർ റേഞ്ച് എക്‌സൈസ് ഇൻസപെക്ടർ അബ്ദുൾ അഷ്‌റഫും പാർട്ടിയുമാണ് പ്രതിയെ പിടികൂടിയത്. കണ്ണാറ, ചേരുംകുഴി, കാളക്കുന്ന് മേഖലകളിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ് പിടിയിലായ ശിവം കോലി.
ഇയാൾക്കെതിരെ മുൻപും മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. ഇയാൾ വിൽപ്പന നടത്തിയ മയക്കുമരുന്ന് ഉപഭോക്താക്കളായ യുവാക്കളെയും ഓപ്പറേഷൻ ഹോട്ട്‌സ്പോട്ടിന്റെ ഭാഗമായി അറസ്റ്റ് ചെയ്തിട്ടുണ്ട്. റെയ്ഡ് സമയത്ത് ഉദ്യോഗസ്ഥരെ തള്ളി മാറ്റി രക്ഷപെടാൻ ശ്രമിച്ച ഇയാളെ വളഞ്ഞ് പിടികൂടുകയായിരുന്നു.
ഇയാൾക്ക് മയക്കുമരുന്ന് നൽകുന്ന വലിയ സംഘം പിന്നിലുണ്ടെന്നാണ് എക്സൈസ് കണ്ടെത്തൽ. പ്രതി അവർക്ക് വേണ്ടി കാരിയർ ആയും പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, കോഴിക്കോട് വിൽപ്പനയ്ക്കായി വീട്ടിൽ സൂക്ഷിച്ച എം ഡി എം എ യുമായി യുവാവ് പൊലീസിന്‍റെ പിടിയിലായിരുന്നു. പയ്യാനക്കൽ തൊപ്പിക്കാരൻ വയൽവീട്ടിൽ വാടകക്ക് താമസിക്കുന്ന പയ്യാക്കൽ പട്ടാർ തൊടിയിൽ സർജാസ് (38) ആണ് 13.730 ഗ്രാം അതിമാരക രാസലഹരിയായ എം ഡി എം എയുമായി പൊലീസ് പിടിയിലായത്. കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും പന്നിയങ്കര പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.