ന്യൂഡല്‍ഹി: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ ഓഫീസ് തല്ലിത്തകര്‍ത്തതിന് പിന്നാലെ ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഇടപടെല്‍ ആവശ്യപ്പെട്ട് അയച്ച കത്ത് അദ്ദേഹം സംഭവത്തിന് പിന്നാലെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇന്നലെ അയച്ച കത്ത് അടക്കം പങ്കുവെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ വിശദീകരണം.
ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാരോപിച്ചായിരുന്നു എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ ഇടപെട്ടതിന്റെ തെളിവുകള്‍ രാഹുല്‍ ഗാന്ധി പങ്കുവെച്ചത്. ജനവികാരം പരിഗണിച്ച് തീരുമാനം എടുക്കണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് കത്തില്‍ ആവശ്യപ്പെടുന്നു.
‘ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലകളുടെ പരിപാലനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുര്‍സ്ഥിതിയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധക്ഷണിച്ച് കത്തയച്ചു. കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തോടും പരിസ്ഥിതി ലോല മേഖലകളുടെ പരിധി കുറക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹായിക്കാനാകും. വിഷയത്തില്‍ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു’, രാഹുല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
അതിനിടെ, എസ്എഫ്ഐ ആക്രമണത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഓഫിസ് ജീവനക്കാരൻ അഗസ്റ്റിനുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ച് ആരോഗ്യസ്ഥിതി ചോദിച്ചറിഞ്ഞു. പൊലീസ് ആക്രമണത്തിൽ പരുക്കേറ്റ കോൺഗ്രസ് പ്രവർത്തകരുമായും രാഹുൽ ഗാന്ധി ഫോണിൽ ആശയവിനിമയം നടത്തി.