കൽപ്പറ്റ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെത്തും. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷമുളള ആദ്യ സന്ദർശനമാണിത്. രാഹുൽ ഗാന്ധിക്കൊപ്പം എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഉണ്ടാകും. കൽപ്പറ്റയിൽ ഇന്ന് ആരംഭിക്കുന്ന ‘സത്യമേവ ജയതേ’ എന്ന റോഡ് ഷോയിൽ ഇരുനേതാക്കളും പങ്കെടുക്കും. റാലിയിൽ ആയിരങ്ങൾ പങ്കെടുത്തേക്കും.
ഉച്ചയ്ക്ക് ശേഷം കൽപ്പറ്റ എസ് കെ എം ജെ ഹൈസ്കൂളിൽ നിന്നാണ് റോഡ് ഷോ ആരംഭിക്കുന്നത്. റോഡ് ഷോയിൽ കോൺഗ്രസ് പതാകയ്ക്ക് പകരം ദേശീയ പതാക ഉയർത്തും. പൊതുസമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക, ജനാധിപത്യ പ്രതിരോധം എന്ന പേരിലുള്ള പരിപാടിയും നടക്കും. ഇതില്‍ കേരളത്തിലെ പ്രമുഖ സാംസ്കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാവും. വൈകിട്ട് കല്‍പ്പറ്റ കൈനാട്ടിയില്‍ നടക്കുന്ന പൊതുസമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.
എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം എന്നിവർ പങ്കെടുക്കും. പൊതു സമ്മേളനശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം രാഹുല്‍ഗാന്ധി കണ്ണൂരിലേക്കും തുടര്‍ന്ന് വിമാനത്തില്‍ ഡല്‍ഹിയിലേക്കും മടങ്ങും.
രാഹുൽ ഗാന്ധിക്കെതിരായ ഗുലാംനബി ആസാദിന്‍റെ ആരോപണം ആയുധമാക്കി ബിജെപി രംഗത്തെത്തിയിരുന്നു. രാഹുൽ വിദേശത്ത് പോകുമ്പോൾ കളങ്കിത വ്യവസായികളെ കാണുന്നത് തനിക്കറിയാമെന്ന ഗുലാം നബി ആസാദ് വാചകങ്ങളാണ് ബിജെപി രാഹുലിനെതിരെ ആയുധമാക്കുന്നത്.
രാഹുൽ വിദേശത്ത് വെച്ച് കാണുന്ന വ്യവസായികൾ ആരൊക്കെയാണെന്ന് രാഹുൽ ഗാന്ധി വിശദീകരിക്കണമെന്ന് ബിജപി നേതാവ് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. വിദേശത്ത് ഇന്ത്യയെ ദുർബലപ്പെടുത്താനുള്ള നീക്കങ്ങളാണ് രാഹുൽ ഗാന്ധി നടത്തുന്നത്. ഇത് ആരുടെ പ്രേരണ കൊണ്ടാണെന്ന് രാഹുൽ വ്യക്തമാക്കണമെന്നും രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.
‘രാഹുലിന് ആരോടെല്ലാം ബന്ധമുണ്ടെന്ന് തനിക്കറിയാം. വിദേശത്ത് വെച്ച് രാഹുൽ ആരെയെല്ലാമാണ് കാണുന്നതെന്നുമറിയാം. രാഹുൽ വിദേശത്ത് വെച്ച് ചില കളങ്കിത വ്യവസായികളെ കാണുന്ന കാര്യം അറിയാഞ്ഞിട്ടല്ല’. ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം കാരണമാണ് കൂടുതലൊന്നും പറയാത്തതെന്നുമായിരുന്നു ഗുലാംനബി പറഞ്ഞത്.
എന്നാൽ ആരോപങ്ങളുന്നയിച്ച ഗുലാം നബിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. മോദിയോടുള്ള വിധേയത്വം കാട്ടാൻ ഓരോ ദിവസവും ഗുലാംനബി ആസാദ് ഗുലാംനബി ആസാദ് തരം താഴുന്നുകയാണെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പരിഹസിച്ചു. കോൺഗ്രസ് നേതൃത്വത്തിനെതിരായ ഗുലാംനബിയുടെ വാക്കുകൾ അപലപനീയമാണ്. ശ്രദ്ധ കിട്ടാനുള്ള പരിതാപകര ശ്രമമാണ് ഗുലാംനബി നടത്തുന്നതെന്നും ജയറാം രമേശ് ട്വീറ്റ് ചെയ്തു.