ന്യൂഡല്‍ഹി: വന്‍വിജയമായെന്ന് കോണ്‍ഗ്രസ് വിലയിരുത്തിയ ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുല്‍ ഗാന്ധി വീണ്ടും നടക്കാനിറങ്ങുന്നു. അരുണാചല്‍പ്രദേശിലെ പാസിഘട്ടില്‍ നിന്നും ഗുജറാത്തിലെ പോര്‍ബന്ദറിലേക്കാണ് രാഹുലിന്റെ യാത്ര. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കവേ യാത്ര പെട്ടെന്ന് തന്നെ നടത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന.
യാത്രയെ കുറിച്ചുള്ള രൂപരേഖ രണ്ടാഴ്ചക്കകം തയ്യാറാക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമം. ലോക്‌സഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ യാത്ര വലിയ തോതില്‍ സഹായിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കിയ കോണ്‍ഗ്രസ് ലോക്‌സഭ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് കടന്നുകഴിഞ്ഞു.
തിരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കാനുള്ള ഗൃഹസമ്പര്‍ക്ക പരിപാടികള്‍, ജില്ലാതല പദയാത്രകള്‍, സംസ്ഥാനതല ബസ് യാത്രകള്‍, ഒരു മുതിര്‍ന്ന നേതാവിന് ഒരു മണ്ഡലത്തിന്റെ ഉത്തരവാദിത്തം നല്‍കിയുള്ള പ്രചാരണം എന്നിവയ്ക്കാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്‍തൂക്കം നല്‍കുന്നത്.
കര്‍ണാടകത്തിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും നടപ്പാക്കിയ ക്ഷേമപ്രവര്‍ത്തനങ്ങളിലൂന്നി രാജ്യത്തൊട്ടാകെ നടപ്പിലാക്കുന്ന ന്യായ് മാതൃകയിലുള്ള പുതിയ ക്ഷേമപദ്ധതി അടുത്ത് തന്നെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചേക്കും. കര്‍ണാടകത്തിലും ഹിമാചല്‍ പ്രദേശിലും വിജയം സമ്മാനിച്ചത് ഇത്തരം പദ്ധതികളുടെ പ്രഖ്യാപനമാണെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്.