ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയൊഴിയാനുള്ള അവസാനവട്ട തയ്യാറെടുപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹി തുഗ്ലക് ലെയ്‌നിലുള്ള വസതിയില്‍ നിന്ന് രാഹുലിന്റെ സാധനങ്ങള്‍ മാറ്റി തുടങ്ങി. ഏപ്രില്‍ 22-നു മുമ്പ് എം.പിയുടെ ഔദ്യോഗിക വസതിയൊഴിയണമെന്ന് രാഹുലിന് നോട്ടീസ് ലഭിച്ചിരുന്നു.
നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായ ശേഷം അനുവദിച്ച സമയത്തിനു മുമ്പ് ഔദ്യോഗികമായി വസതി കൈമാറുമെന്ന് രാഹുലിന്റെ ഓഫീസ് അറിയിച്ചു. തത്കാലം ജന്‍പഥിലുള്ള സോണിയാഗാന്ധിയുടെ വസതിയിലേക്കു മാറാനാണ് രാഹുലിന്റെ തീരുമാനം.
എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുലിന് ഔദ്യോഗിക വസതി ഒഴിഞ്ഞുകൊടുക്കണമെന്ന് നോട്ടീസ് ലഭിച്ചിരുന്നു. തുടര്‍ന്ന് രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നിന്ന് നിരവധി കോണ്‍ഗ്രസ് അനുഭാവികളാണ് രാഹുലിന് സ്വന്തം വീട് നല്‍കുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പിന്നാലെ എന്റെ വീട് രാഹുലിന് എന്ന പേരില്‍ കോണ്‍ഗ്രസ് ഒരു പ്രചാരണപരിപാടി ആരംഭിക്കുകയും ചെയ്തു.
ഡല്‍ഹിയിലെ സേവാദള്‍ നേതാവ് രാജ്കുമാരി ഗുപ്ത സ്വന്തം വീട് രാഹുല്‍ ഗാന്ധിയുടെ പേരില്‍ എഴുതി നല്‍കി. മംഗോള്‍പുരിയിലെ തന്റെ വീടിന്റെ പവര്‍ ഓഫ് അറ്റോണി രാഹുല്‍ ഗാന്ധിക്കാണ് എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള രേഖകളും രാജ്കുമാരി ഗുപ്ത നല്‍കിയിരുന്നു.
ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിയമസഭാംഗവുമായ അജയ് റായ് വാരണാസിയിലെ തന്റെ വീട് പ്രതീകാത്മകമായി രാഹുല്‍ ഗാന്ധിയ്ക്ക് നല്‍കി. രാഹുലിനെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
അയോധ്യയിലെ പ്രശസ്തമായ ഹനുമാന്‍ഗാദ്ധി ക്ഷേത്രത്തിലെ പൂജാരി സഞ്ജയ് ദാസ് രാഹുലിനെ അയോധ്യയിലേക്കു ക്ഷണിച്ചു. ക്ഷേത്രപരിസരത്തെ ആശ്രമത്തില്‍ രാഹുല്‍ താമസിക്കണമെന്നും സഞ്ജയ് ദാസ് പറഞ്ഞു.